തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്‌തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് അതിശക്‌തമായ മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട് ഉള്ളത്.
കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് യെല്ലോ അലർട്. ഇടിമിന്നലോട് കൂടിയ മഴക്കൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. തെക്കൻ കേരള തീരത്തും, ലക്ഷദ്വീപ് തീരത്തും വെള്ളിയാഴ്‌ച വരെ മൽസ്യബന്ധനത്തിന് പോകരുതെന്ന് മുന്നറിയിപ്പുണ്ട്.
വിവിധ തീരങ്ങളിൽ കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും ആവശ്യമായ ഘട്ടത്തിൽ മാറിത്താമസിക്കണമെന്നും നിർദ്ദേശം നൽകി. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണമായി ഒഴിവാക്കണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവ ഉണ്ടാവാൻ സാധ്യതയുള്ള മേഖലകളിൽ നിന്ന് ആളുകൾ നിർദ്ദേശാനുസരണം മാറിത്താമസിക്കണമെന്നും മുന്നറിയിപ്പ് നൽകി.
Most Read| ഷെയ്ഖ് ഹസീനയെ പുറത്താക്കിയതിൽ യുഎസിന് പങ്കില്ല; പ്രതികരിച്ച് വൈറ്റ് ഹൗസ്