സംസ്ഥാനത്തെ ആറാമത് പോലീസ് ബറ്റാലിയന്‍ ഉടന്‍ നിലമ്പൂരില്‍; മുഖ്യമന്ത്രി

By Staff Reporter, Malabar News
kerala image_malabar news
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്ഥാനത്ത് ആറാമത്തെ പോലീസ് ബറ്റാലിയന്‍ നിലമ്പൂര്‍ ആസ്ഥാനമാക്കി ഉടന്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി. പുതുതായി നിര്‍മ്മിച്ച വര്‍ക്കല, പൊന്‍മുടി പോലീസ് സ്റ്റേഷന്‍ കെട്ടിടങ്ങളുടേയും കൊല്ലം റൂറല്‍ കമാന്റ് സെന്ററിന്റെയും ഉദ്ഘാടനം ഓണ്‍ലൈനില്‍ നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ബറ്റാലിയന്റെ ആസ്ഥാനം പിന്നീട് കോഴിക്കേട്ടേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

100 പേരെയാണ് ആദ്യഘട്ടത്തില്‍ പുതിയ ബറ്റാലിയനില്‍ നിയമിക്കുക. മൂന്ന് വര്‍ഷത്തിനുശേഷം ബറ്റാലിയന്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ ഇതില്‍ 1000 പേരുണ്ടാകുമെന്നും പകുതിയും വനിതകളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ സംസ്ഥാനത്ത് പോലീസ് നിര്‍വ്വഹണം ഫലപ്രദമായി നടപ്പിലാക്കുന്നതിന് ഡിവൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ 25 പുതിയ പോലീസ് സബ്ബ് ഡിവിഷനുകള്‍ക്ക് രൂപം നല്‍കും. നിലവില്‍ 60 സബ്ബ് ഡിവിഷനുകളാണുളളത്.

നിലവില്‍ 14 പോലീസ് ജില്ലകളിലാണ് വനിതാ പോലീസ് സ്റ്റേഷനുകളുളളത്. തിരുവനന്തപുരം റൂറല്‍, കൊല്ലം റൂറല്‍, എറണാകുളം റൂറല്‍, വയനാട്, കോഴിക്കോട് റൂറല്‍ എന്നിവിടങ്ങളില്‍ പുതിയ വനിതാ പോലീസ് സ്റ്റേഷനുകള്‍ തുറക്കും. ഇതോടെ സംസ്ഥാനത്തെ 19 പോലീസ് ജില്ലകളിലും വനിതാ പോലീസ് സ്റ്റേഷനുകള്‍ പ്രവര്‍ത്തനക്ഷമമാകും.

സംസ്ഥാനത്ത് 15 പോലീസ് ജില്ലകളിലെ സൈബര്‍ സെല്ലുകള്‍ സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനുകളാക്കി മാറ്റും. നിലവില്‍ തിരുവനന്തപുരം സിറ്റി, കൊച്ചി സിറ്റി, കോഴിക്കോട് സിറ്റി, തൃശൂര്‍ സിറ്റി എന്നിവിടങ്ങളിലാണ് സൈബര്‍ പോലീസ് സ്റ്റേഷനുകള്‍ ഉളളത്. ഇതോടെ 19 പോലീസ് ജില്ലകളിലും സൈബര്‍ ക്രൈം പോലീസ് സ്റ്റേഷനുകള്‍ നിലവില്‍ വരും.

ഐ ജി റാങ്കിലുളള ഡയറക്ടറുടെ നേതൃത്വത്തില്‍ പോലീസില്‍ സോഷ്യല്‍ പോലീസിംഗ് ഡയറക്ടറേറ്റ് രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സോഷ്യല്‍ പോലീസിംഗ് വിഭാഗം നിലവില്‍ വരും. നിലവിലുളള കുറ്റാന്വേഷണ, ക്രമസമാധാന വിഭാഗങ്ങള്‍ക്ക് പുറമെയാണിത്.

കണ്ണൂര്‍ ജില്ലയെ വിഭജിച്ച് കണ്ണൂര്‍ സിറ്റി, കണ്ണൂര്‍ റൂറല്‍ എന്നീ പോലീസ് ജില്ലകള്‍ക്ക് രൂപം നല്‍കുമെന്നും എല്ലാ പോലീസ് സ്റ്റേഷനുകളെയും സര്‍വ്വീസ് ഡെലിവറി സെന്ററുകളായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ സ്വാഗതം ആശംസിച്ച ചടങ്ങില്‍ ക്രമസമാധാന വിഭാഗം എ ഡി ജി പി ഡോ.ഷേക്ക് ദര്‍വേഷ് സാഹിബ് കൃതജ്ഞത പറഞ്ഞു. വര്‍ക്കല, പൊന്‍മുടി, കൊട്ടാരക്കര എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച ചടങ്ങുകളില്‍ മന്ത്രിമാരും എം.എല്‍.എ മാരും മറ്റ് ജനപ്രതിനിധികളും പോലീസ് ഉദ്യോഗസ്ഥരും സംബന്ധിച്ചു. കോവിഡ് സുരക്ഷാ പ്രോട്ടോക്കോള്‍ പാലിച്ചാണ് ചടങ്ങുകള്‍ സംഘടിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE