ദേവഗൗഡയുടെ പ്രസ്‌താവന വാസ്‌തവ വിരുദ്ധവും തികഞ്ഞ അസംബന്ധവും; മുഖ്യമന്ത്രി

എൻഡിഎ പ്രവേശനത്തിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ സമ്മതം നൽകിയെന്ന ദേവഗൗഡയുടെ പ്രസ്‌താവനയെ പൂർണമായി തള്ളിക്കൊണ്ടാണ് മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

By Trainee Reporter, Malabar News
pinarayi-vijayan
Ajwa Travels

തിരുവനന്തപുരം: ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച്ഡി ദേവഗൗഡയുടെ പ്രസ്‌താവനക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. ദേവഗൗഡയുടേതായി വന്ന പ്രസ്‌താവന വാസ്‌തവ വിരുദ്ധവും തികഞ്ഞ അസംബന്ധവുമാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. സ്വന്തം രാഷ്‌ട്രീയ മലക്കം മറിച്ചിലുകൾക്ക് ന്യായീകരണം കണ്ടെത്താൻ അദ്ദേഹം അസത്യം പറയുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

എൻഡിഎ പ്രവേശനത്തിന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ സമ്മതം നൽകിയെന്ന ദേവഗൗഡയുടെ പ്രസ്‌താവനയെ പൂർണമായി തള്ളിക്കൊണ്ടാണ് മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുന്നത്. ജനതാദൾ എസ് കാലങ്ങളായി കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിയോടൊപ്പം നിലകൊള്ളുന്ന കക്ഷിയാണ്. ദേശീയ നേതൃത്വം വ്യത്യസ്‌ത നിലപാട് പ്രഖ്യാപിച്ചപ്പോൾ ആ ബന്ധം വിച്ഛേദിച്ചു കേരളത്തിൽ എൽഡിഎഫിനൊപ്പം നിലയുറപ്പിച്ച പാരമ്പര്യമാണ് അവരുടെ സംസ്‌ഥാന നേതൃത്വത്തിനുള്ളതെന്നും പിണറായി വിജയൻ പറഞ്ഞു.

ആ പാർട്ടിയുടെ ആഭ്യന്തര പ്രശ്‌നങ്ങളിൽ ഏതെങ്കിലും തരത്തിൽ അഭിപ്രായം പറയാനോ ഇടപെടാനോ സിപിഎം ഒരു ഘട്ടത്തിലും ശ്രമിച്ചിട്ടില്ലെന്നും, മുഖ്യമന്ത്രി എന്ന നിലയിലും അവരുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടേണ്ട ആവശ്യം ഉണ്ടായിട്ടില്ലെന്നും, അത് ഞങ്ങളുടെ രീതിയല്ലെന്നും പിണറായി വിജയൻ പറഞ്ഞു. ആരുടെയെങ്കിലും വെളിപാടിന് ഞങ്ങളാരും ഉത്തരവാദികളല്ല. ദേവഗൗഡയുടെ അസംബന്ധ പ്രസ്‌താവന തിരുത്തുന്നതാണ് ഔചിത്യവും രാഷ്‌ട്രീയ മര്യാദയുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇതാദ്യമായല്ല ദേവഗൗഡ ബിജെപിക്കൊപ്പം പോകുന്നത്. 2006ൽ ജെഡിഎസ് ബിജെപിക്കൊപ്പം ചേർന്ന സാഹചര്യം എല്ലാവർക്കും ഓർമ കാണും. മകന് മുഖ്യമന്ത്രി കസേര ലഭിക്കാൻ ബിജെപിക്കൊപ്പം കൂട്ടുകൂടി സ്വന്തം പാർട്ടിയുടെ പ്രത്യയശാസ്‌ത്രത്തെ പോലും വഞ്ചിച്ച നിലപാട് സ്വീകരിച്ചയാളാണ് ദേവഗൗഡയെന്നും മുഖ്യമന്ത്രി വിമർശിച്ചു.

ദേവഗൗഡയുടെ രാഷ്‌ട്രീയ നിലപാടിൽ പ്രതിഷേധിച്ചു കൊണ്ട് ദേശീയ നേതാവ് സുരേന്ദ്ര മോഹന്റെ നേതൃത്വത്തിൽ ജെഡിഎസ് വിട്ടുവന്നവരാണ് കേരളത്തിലെ ജനതാദൾ നേതൃത്വവും അണികളും. തങ്ങൾ ബിജെപിക്ക് എതിരാണെന്നും ദേവഗൗഡക്ക് ഒപ്പമല്ല എന്നുമാണ് ജെഡിഎസ് കേരള ഘടകം സ്വീകരിച്ചിരുന്ന നിലപാട്. ദേവഗൗഡയുടെ പ്രസ്‌താവന തെറ്റാണെന്ന് സംസ്‌ഥാന പ്രസിഡണ്ട് മാത്യു ടി തോമസും മന്ത്രി കെ കൃഷ്‌ണൻകുട്ടിയും വ്യക്‌തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വിശദമാക്കി.

രാഷ്‌ട്രീയ മുതലെടുപ്പിന് വേണ്ടി ദേവഗൗഡയുടെ പ്രസ്‌താവനയിൽ പ്രതികരിക്കാനിറങ്ങിയ കോൺഗ്രസിന്റേത് ബിജെപിയെ സഹായിച്ച പാരമ്പര്യമാണ്. കേരളത്തിൽ ബിജെപിയുമായി കൂട്ടുകൂടി തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളിൽ അധികാരം പങ്കിടുന്നവരാണ് അവർ. ദേവഗൗഡയുടെ വാക്ക് കേട്ട് ‘അവിഹിതബന്ധം’ അന്വേഷിച്ചു നടന്ന കോൺഗ്രസ് സ്വയം അപഹാസ്യരാകരുതെന്നും, അതിന്റെ പേരിൽ ഒരു മനക്കോട്ടയും കെട്ടേണ്ടതില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Most Read| ‘തോട്ടപ്പണി സമ്പ്രദായം രാജ്യത്തിന് അപമാനം’; കർശന നിദ്ദേശവുമായി സുപ്രീം കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE