ബിജുവിന്റെ മടക്കം ആറു പേർക്ക് പുതുജീവൻ നൽകി; വേറിട്ട മാതൃകയായി കുടുംബം

By Desk Reporter, Malabar News
Kin of deceased man donates his organs
ബിജു
Ajwa Travels

തിരുവനന്തപുരം: ആറു പേർക്ക് പുതുജീവൻ നൽകിയാണ് പെരുകാവ് കോണക്കോട് ലെയ്‌ൻ ശ്രീനന്ദനത്തിൽ ബിജു (44)വിന്റെ മടക്കം. മസ്‌തിഷ്‌ക മരണാനന്തര അവയവദാനത്തിൽ അനുയോജ്യമായ തീരുമാനം എടുത്ത് ബിജുവിന്റെ കുടുംബം വേറിട്ട മാതൃക ആയിരിക്കുകയാണ്.

മാദ്ധ്യമ സ്‌ഥാപനത്തിലെ ജീവനക്കാരനായ ബിജു ഹൃദയാഘാതം മൂലമുള്ള മസ്‌തിഷ്‌ക ആഘാതത്തെ തുടർന്ന് ഇടപ്പഴിഞ്ഞി എസ്‌കെ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ആണ് മസ്‌തിഷ്‌ക മരണം സ്‌ഥിരീകരിച്ചത്. തുടർന്ന് ബന്ധുക്കൾ അവയവ ദാനത്തിനു തയ്യാറായി. ബിജുവിന്റെ സഹോദരീ ഭർത്താവായ പ്രദീപാണ് അവയവദാനത്തെക്കുറിച്ച് ബിജുവിന്റെ അച്ഛൻ നാരായണൻ നായരോടും അമ്മ ഭാനുമതിയമ്മയോടും സൂചിപ്പിച്ചത്.

കുടുംബാംഗങ്ങളുടെ സമ്മതം ലഭിച്ചതോടെ എസ്‌കെ ആശുപത്രിയിലെ ഇന്റെൻസിവിസ്‌റ്റ് ഡോ. രവി, ഡോ. നോബിൾ ഗ്രേഷ്യസ് (മൃതസഞ്‌ജീവനി) എന്നിവർ തുടർനടപടികൾ വേഗത്തിലാക്കി. ഹൃദയം, കരൾ, വൃക്കകൾ, നേത്രപടലം എന്നിവയാണ് ദാനം ചെയ്‌തത്‌. എന്നാൽ, കേരളത്തിനകത്ത് ഹൃദയം സ്വീകരിക്കുന്നതിന് രോഗികളാരും മൃതസഞ്‌ജീവനിയിൽ പേര് രജിസ്‌റ്റർ ചെയ്‌തിരുന്നില്ല. അതുകൊണ്ടു തന്നെ അയൽ സംസ്‌ഥാനങ്ങളിലേക്ക്‌ ആവശ്യക്കാരുടെ അന്വേഷണം നീണ്ടു.

ഈ അന്വേഷണത്തിൽ ചെന്നൈയിലെ എംജിഎം ആശുപത്രിയിലെ ഒരു രോഗിയെ കണ്ടെത്തി. ബിജുവിന്റെ ശസ്‌ത്രക്രിയക്കും മറ്റു നടപടികൾക്കും ശേഷം തിങ്കളാഴ്‌ച ഉച്ചക്ക് 12.30ന് ശവസംസ്‌കാര ചടങ്ങുകൾ നടത്താൻ ബന്ധുക്കൾ തീരുമാനിച്ചിരുന്നു. എന്നാൽ, ചെന്നൈയിൽ നിന്നും ഡോക്‌ടർമാർ എത്തി ഹൃദയം എടുക്കുന്നത് വൈകുമെന്ന അറിയിപ്പു ലഭിച്ചപ്പോൾ അവർ ശവസംസ്‌കാര ചടങ്ങുകൾ മാറ്റി വെക്കുകയായിരുന്നു.

മൃതസഞ്‌ജീവനിയുടെ ചരിത്രത്തിൽ തന്നെ പുതിയ ഒരു മാതൃക സൃഷ്‌ടിച്ച കുടുംബാംഗങ്ങളെ ആരോഗ്യ മന്ത്രി വീണാ ജോർജും മൃതസഞ്‌ജീവനി അധികൃതരും പ്രശംസിച്ചു. ഹൃദയം ചെന്നൈ എംജിഎം ആശുപത്രിയിലും കരളും ഒരു വൃക്കയും കിംസ് ആശുപത്രിയിലും ഒരു വൃക്ക മെഡിക്കൽ കോളേജ് ആശുപത്രിയിലും നേത്രപടലങ്ങൾ ഗവ. കണ്ണാശുപത്രിയിലും ചികിൽസയിലുള്ള ആറു പേർക്കായാണ് ദാനം ചെയ്‌തത്‌.

തിങ്കളാഴ്‌ച പകൽ മൂന്നരയോടെ ഹൃദയം വിമാനമാർഗം ചെന്നൈയിലേക്കു കൊണ്ടുപോയി. തുടർന്ന് രാത്രി ഏഴരയോടെ ബിജുവിന്റെ ശവസംസ്‌കാര ചടങ്ങുകൾ നടത്തി. ഇതോടെ മൃതസഞ്‌ജീവനി വഴി 65ആമത്തെ ഹൃദയ ദാനവും 264ആമത്തെ കരൾ ദാനവും 572ആമത്തെ വൃക്കദാനവുമാണ് പൂർത്തീകരിച്ചത്. മീരയാണ് ബിജുവിന്റെ ഭാര്യ. മകൾ: ശ്രീനന്ദന.

Most Read:  കുട്ടിക്കുരങ്ങൻ തിരികെ ജീവിതത്തിലേക്ക്; പ്രഭുവിന്റെ പ്രാണവായുവിലൂടെ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE