മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം മിന്നും വിജയം നേടിയതിന് പിന്നാലെ സർക്കാർ രൂപീകരണ ചർച്ചകൾ മഹായുതി സഖ്യത്തിൽ പുരോഗമിക്കുന്നു. മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് ദേവേന്ദ്ര ഫഡ്‌നാവിസിനെ പിന്തുണച്ച് അജിത് പവാർ ബിജെപി നേതൃത്വത്തെ അറിയിച്ചു.
എന്നാൽ, ആദ്യ രണ്ടരവർഷം മുഖ്യമന്ത്രി സ്‌ഥാനം വേണമെന്ന നിലപാടിലാണ് ഏക്‌നാഥ് ഷിൻഡെ വിഭാഗം. ഇതിന്റെ പശ്‌ചാത്തലത്തിൽ ഫഡ്‌നാവിസ്, ഷിൻഡെ, അജിത് പവാർ എന്നിവരുമായി കേന്ദ്രമന്ത്രി അമിത് ഷാ ഡെൽഹിയിൽ ചർച്ച നടത്തും. അഭിപ്രായ സമന്വയമുണ്ടാക്കിയ ശേഷം മൂന്ന് പാർട്ടികളുടെയും എംഎൽഎമാരുടെ യോഗത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കും.
നിലവിലെ നിയമസഭയുടെ കാലാവധി നാളെ അർധരാത്രി തീരുന്നതിനാൽ അതിനകം സർക്കാർ രൂപീകരിക്കേണ്ടതുണ്ട്. പ്രതിപക്ഷത്തെ ഒരു കക്ഷിക്കും മൊത്തം സീറ്റുകളുടെ പത്തിൽ ഒന്നുപോലും ലഭിക്കാത്തതിനാൽ പ്രതിപക്ഷ നേതാവില്ലാത്ത നിയമസഭയായിരിക്കും വരുന്നത്. മുഖ്യമന്ത്രി പദവിയിലേക്ക് ഫഡ്‌നാവിസിന് എൻഡിപി പിന്തുണ നൽകുമെന്ന് അജിത് പക്ഷ നേതാവായ ഛഗൻ ഭുജ്ബൽ പറഞ്ഞു.
മഹാരാഷ്‌ട്രയിൽ ഇന്ത്യാ സഖ്യത്തെ കടപുഴക്കിയാണ് എൻഡിഎ വിജയിച്ചത്. ബിജെപിയും ശിവസേന ഷിൻഡെ പക്ഷവും എൻസിപി അജിത് പക്ഷവും ഉൾപ്പെടുന്ന മഹായുതി 288ൽ 234 സീറ്റുമായാണ് ഭരണം നിലനിർത്തിയത്. കേവലഭൂരിപക്ഷത്തിന് വേണ്ടത് 145 സീറ്റാണ്. ബിജെപി ഒറ്റയ്‌ക്ക് 132 സീറ്റ് നേടി. ആറുമാസം മുമ്പത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 152 നിയമസഭാ സീറ്റിൽ മുന്നിട്ടുനിന്ന മഹാവികാസ് അഘാഡി മൂന്നിലൊന്ന് സീറ്റിലേക്കൊതുങ്ങി.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’