ന്യൂഡെൽഹി: സയ്യദ് മുഷ്‌താഖ് അലി ട്രോഫി ട്വന്റി-20 ക്രിക്കറ്റ് ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിൽ കടന്ന് കേരളം. പ്രീ ക്വാർട്ടറിൽ ഹിമാചൽ പ്രദേശിനെ എട്ടുവിക്കറ്റിന് തകർത്താണ് കേരളത്തിന്റെ ക്വാർട്ടർ പ്രവേശനം.
ആദ്യം ബാറ്റ് ചെയ്‌ത ഹിമാചൽ ഉയർത്തിയ 146 റൺസ് വിജയലക്ഷ്യം കേരളം 19.3 ഓവറിൽ മൂന്ന് പന്തുകൾ ബാക്കിനിൽക്കേ മറികടന്നു. 60 റൺസെടുത്ത മുഹമ്മദ് അസ്ഹറുദ്ദീനും 52 റൺസെടുത്ത് പുറത്താവാതെ നിന്ന നായകൻ സഞ്‌ജു സാംസണുമാണ് കേരളത്തിന് അനായാസ വിജയം സമ്മാനിച്ചത്.
സ്‌കോർ: ഹിമാചൽ പ്രദേശ് 20 ഓവറിൽ ആറിന് 145. കേരളം 19.3 ഓവറിൽ രണ്ടിന് 147.
മൽസരത്തിൽ ടോസ് നേടിയ കേരളം ഹിമാചലിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപ്പണർ രാഘവ് ധവാന്റെ(65)യും പിഎസ് ചോപ്രയുടെ(36)യും ബാറ്റിങ് മികവിലാണ് ഹിമാചൽ നിശ്‌ചിത ഓവറിൽ ആറുവിക്കറ്റ് നഷ്‌ടത്തിൽ 145 റൺസെടുത്തത്.
കേരളത്തിനായി മിഥുൻ എസ് രണ്ട് വിക്കറ്റ് നേടി. മനു കൃഷ്‌ണൻ, ബേസിൽ തമ്പി, ജലജ് സക്‌സേന, എംഎസ് അഖിൽ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
അതേസമയം മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന് ഓപ്പണർമാർ മികച്ച തുടക്കം നൽകി. രോഹൻ എസ് കുന്നുമ്മലിനെ(22) ജംവാൾ മടക്കിയെങ്കിലും പിന്നീട് ക്രീസിലൊന്നിച്ച അസ്ഹറുദ്ദീനും സഞ്‌ജുവും ചേർന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചു. 10 റൺസടിച്ച സച്ചിൻ ബേബി പുറത്താവാതെ നിന്നു.
Kerala Won by 8 Wicket(s) (Qualified) #HPvKER #SyedMushtaqAliT20 #PQF3 Scorecard:https://t.co/jUU14yBoTs
— BCCI Domestic (@BCCIdomestic) November 16, 2021
Most Read: അഞ്ച് ദിവസത്തിനുള്ളില്‍ 50 കോടി ക്‌ളബ്ബില്‍; നേട്ടം കൊയ്‌ത് ‘കുറുപ്പ്’