അഭിനേതാക്കള്‍ ഉറുമ്പും കുഴിയാനയും, വൈറലായി ഹ്രസ്വചിത്രം

By Team Member, Malabar News
Malabarnews_antihero
ചിത്രത്തിന്റെ പോസ്റ്റർ
Ajwa Travels

സമൂഹമാദ്ധ്യമങ്ങളില്‍ ‘ആന്റിഹീറോ’ വൈറലായിക്കൊണ്ടിരിക്കുകയാണ്. സംഭവം മറ്റൊന്നുമല്ല, ഒരുഗ്രന്‍ ഹ്രസ്വചിത്രം തന്നെ. രണ്ട് ഉറുമ്പുകളും കുഴിയാനയും അഭിനയിച്ച 6 മിനിറ്റ് ദൈര്‍ഘ്യമുള്ള ഒരു ഹ്രസ്വചിത്രം. സിദ്ധു ദാസ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം ഒന്നരവര്‍ഷം കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. സംഭവം അങ്ങു വിദേശത്ത് ഒന്നുമല്ല, ഇങ്ങു കേരളത്തില്‍ തന്നെ. പെന്‍ഡുലം ഫിലിംസിന്റെ യുട്യൂബ് ചാനലില്‍ റിലീസ് ചെയ്ത ചിത്രം ഇപ്പോള്‍ നിരവധി ആളുകളുടെ പ്രശംസ പിടിച്ചുപറ്റി കഴിഞ്ഞു.

അഭിനേതാക്കള്‍ ഉറുമ്പുകളും കുഴിയാനയുമാണെങ്കിലും വിഎഫ്എക്‌സിന്റെ സഹായമില്ലാതെ റിയലിസ്റ്റിക്കായാണ് ചിത്രീകരിച്ചിരിക്കുന്നത്. മാക്രോ ലെന്‍സ് ഉപയോഗിച്ച് ഒന്നരവര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ എഡിറ്റിങ്ങും പശ്ചാത്തലസംഗീതവും ചിത്രത്തെ ഒരുപടി കൂടെ മുകളിലെത്തിക്കുന്നുണ്ട്.

2019 ഏപ്രില്‍ മുതല്‍ 2020 മേയ് വരെയായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. കഥയെ നാലഞ്ചു ഭാഗങ്ങളായി തിരിച്ചു ഷൂട്ട് പൂര്‍ത്തിയാക്കി. ഉറുമ്പിന്റെ ജീവിതം, വില്ലന്റെ വരവ്, ആക്രമണം, മരണം, ഹീറോയുടെ വരവ് എന്നിങ്ങനെയാണ് വിവിധ ഭാഗങ്ങള്‍. ഓരോ ഭാഗത്തിലും വ്യത്യസ്ത പശ്ചാത്തലസംഗീതം ചേര്‍ത്ത് പ്രേക്ഷകര്‍ക്ക് വ്യത്യസ്ത അനുഭവം നല്‍കുന്ന രീതിയിലാണ് ചിത്രം പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഷൂട്ടിനായി മണല്‍ നിറച്ച് ഒരു പ്ലാറ്റ്‌ഫോം തയ്യാറാക്കിയാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കാലാവസ്ഥാ മാറ്റങ്ങള്‍ ഔട്ട്‌ഡോര്‍ ചിത്രീകരണത്തെ തടസ്സപ്പെടുത്തുമെന്നതിനാലാണ് ഇത്തരത്തില്‍ ഒരു പ്ലാറ്റ്‌ഫോം തയ്യാറാക്കിയത്.

മാക്രോ ഫോട്ടോഗ്രാഫിയുടെ വേറിട്ടൊരു തലമാണ് ഈ ഹ്രസ്വചിത്രം പങ്കുവയ്ക്കുന്നത്. ഉറുമ്പുകളുടെയും കുഴിയാനയുടെയും ജീവിതത്തിലൂടെ ഒരു യാത്ര തന്നെ. അവരുടെ ജീവിതത്തില്‍ ഫാന്റസി ചേര്‍ത്ത് പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ ചിത്രം കൂടുതല്‍ ആസ്വാദ്യകരമായി. വിനയ് ഫോര്‍ട്ട്, ആന്റണി വര്‍ഗ്ഗീസ്, നീരജ് മാധവ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ താരനിര തന്നെ ചിത്രത്തെക്കുറിച്ച് പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചതും സിദ്ധുവും ആഷിന്‍ പ്രസാദും ചേര്‍ന്നാണ്. യദു കൃഷ്ണ പശ്ചാത്തലസംഗീതവും, വിഷ്ണു വിശ്വനാഥ് എഡിറ്റിങ്ങും നിര്‍വഹിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE