വാഷിങ്ടൺ: എച്ച്‌ഐവി വൈറസിന്റെ മാരകശേഷിയുള്ള വകഭേദം നെതർലാൻഡ്‌സിൽ കണ്ടെത്തി. 1980-90 കാലഘട്ടത്തിലാണ് ഇതിന്റെ ഉൽഭവമെന്നും എന്നാല്‍ ആധുനിക ചികിത്സയുടെ ഗുണമേൻമ കൊണ്ട് നിലവില്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഓക്‌സ്‌ഫോർഡ് ഗവേഷകരുടെ പഠന റിപ്പോർട്ടിൽ പറയുന്നു. വിബി എന്ന ഈ വകഭേദത്തിന് മറ്റ് വകഭേദങ്ങളെക്കാള്‍ അഞ്ചര മടങ്ങ് അധികം വൈറസിന്റെ സാന്നിധ്യത്തിന് വരെ കാരണമാകാനുള്ള കെല്‍പ്പുണ്ട്.
ഇത് രോഗിയുടെ പ്രതിരോധ ശേഷിയെ വളരെ വേഗം ഇല്ലാതാക്കും. എന്നാല്‍, മെച്ചപ്പെട്ട ചികിൽസാ സൗകര്യങ്ങളുടെ ലഭ്യതയാല്‍ വിബി വകഭേദം ബാധിച്ചവര്‍ക്കും ആരോഗ്യനിലയില്‍ വേഗം പുരോഗതി കൈവരിക്കാന്‍ സാധിക്കുന്നുണ്ട്. അതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഓക്‌സ്‌ഫോര്‍ഡിലെ എപിഡെമോളജിസ്‌റ്റ് ക്രിസ് വൈമാന്റ് വ്യക്‌തമാക്കി.
1980-90 കാലഘട്ടത്തില്‍ രൂപപ്പട്ട ഈ വകഭേദം 2010 മുതല്‍ അപ്രത്യക്ഷമായി തുടങ്ങിയന്നും ഗവേഷകര്‍ പറയുന്നു. നെതര്‍ലാൻഡ്‌സില്‍ കൂടുതലായി എച്ച്‌ഐവി ചികിൽസ നടക്കുന്നതല്ല വൈറസിന്റെ പുതിയ വകഭേദത്തിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ലോകാരോഗ്യ സംഘടനയുടെ നിർദ്ദേശം അനുസരിച്ച് കൃത്യമായ പരിശോധനയും പ്രതിരോധ ശേഷി മെച്ചപ്പെടുത്താന്‍ വളരെ വേഗത്തില്‍ തുടങ്ങുന്ന ചികിൽസയും വലിയ പ്രാധാന്യമാണ് അര്‍ഹിക്കുന്നതെന്നും പഠന റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കുന്നു.
ഗവേഷണത്തിന്റെ ഭാഗമായി ശേഖരിച്ച സാമ്പിളുകളില്‍ വിബി വകേഭേദം കണ്ടെത്തിയത് 109 പേരിലാണ്. ഇതില്‍ നാല് പേര്‍ മാത്രമാണ് നെതര്‍ലാൻഡ്‌സിന് പുറത്തുള്ളത്. പുതിയ വകഭേദങ്ങള്‍ കണ്ടെത്തുന്നത് സ്വാഭാവികമാണ്. എന്നാല്‍ മാരകശേഷിയുള്ളവയെ കണ്ടെത്തുന്നത് അപകട സൂചനയാണെന്നും ഗവേഷകര്‍ സൂചിപ്പിക്കുന്നു.
Also Read: ദിലീപ് പീഡന ക്വട്ടേഷൻ പ്രതി, മുൻകൂർ ജാമ്യം അനുവദിക്കരുത്; പ്രോസിക്യൂഷൻ വാദം