മകളുടെ മോചനത്തിനായി നെഞ്ചുരുകി ഒരമ്മയുടെ യാത്ര; പ്രേമകുമാരി യെമനിലേക്ക്

ഡെൽഹി ഹൈക്കോടതിയാണ് യെമനിലേക്ക് പോകാൻ പ്രേമകുമാരിക്ക് അനുമതി നൽകിയത്.

By Trainee Reporter, Malabar News
nimishapriya-case
Ajwa Travels

കൊച്ചി: മകളുടെ മോചനത്തിനായി നെഞ്ചുരുകി ഒരമ്മയുടെ യാത്ര. യെമനിൽ വധശിക്ഷയ്‌ക്ക് വിധിച്ച് ജയിലിൽ കഴിയുന്ന നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരി യാത്ര തിരിച്ചു. ഏറെ നാളത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ഈ അമ്മയ്‌ക്ക് മകളെ കാണാനുള്ള അവസരം ലഭിച്ചത്.

ഇന്ന് പുലർച്ചെ കൊച്ചിയിൽ നിന്ന് 5.30നുള്ള വിമാനത്തിൽ പ്രേമകുമാരിയും സേവ് നിമിഷപ്രിയ ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ അംഗം സാമുവൽ ജെറോമും യാത്ര തിരിച്ചു. ”ഉള്ള് പൊട്ടിപ്പോകുന്നുണ്ട്. എങ്കിലും കുറച്ച് സമാധാനമുണ്ട്. ഒത്തിരി വർഷങ്ങളായില്ലേ. കുറെ കഷ്‌ടപ്പെട്ടു. എങ്കിലും ഇപ്പോഴെങ്കിലും പോകാൻ പറ്റിയല്ലോ”- പ്രേമകുമാരി പറഞ്ഞു.

മുംബൈയിലെത്തുന്ന ഇവർ ഇവിടെ നിന്ന് വൈകിട്ട് അഞ്ചിന് യെമനിയ എയർവേഴ്‌സിന്റെ വിമാനത്തിൽ ഏദനിലേക്ക് പോകും. സാധാരണ സർവീസ് നടത്തുന്ന വിമാനമല്ല ഇത്. യെമനി പൗരൻമാർ ചികിൽസാർഥവും മറ്റും എത്തുന്ന വിമാനം തിരികെ പോകുമ്പോഴാണ് യാത്രയ്‌ക്ക് സൗകര്യം ലഭിക്കുക. വിസ ലഭിച്ച് ഒന്നരമസമായിട്ടും ഇക്കാരണത്താലാണ് യാത്ര വൈകിയതെന്ന് നിമിഷപ്രിയയുടെ അമ്മയ്‌ക്ക് വേണ്ടി ഡെൽഹി ഹൈക്കോടതിയിൽ കേസ് നടത്തിയ അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ പറഞ്ഞു.

ഡെൽഹി ഹൈക്കോടതിയാണ് യെമനിലേക്ക് പോകാൻ പ്രേമകുമാരിക്ക് അനുമതി നൽകിയത്. ഏദനിലെത്തിയ ശേഷമാണ് പ്രേമകുമാരിയും സാമുവൽ ജെറോമും വിമത പക്ഷത്തിന്റെ അധീനതയിലുള്ള യെമൻ തലസ്‌ഥാനമായ സനയിലേക്ക് പോവുക. അവിടുത്തെ ജയിലിലാണ് നിമിഷപ്രിയ ഉള്ളത്. സനയിലെത്തി നിമിഷപ്രിയയെ കാണാനാണ് ഇവർ ആദ്യം ശ്രമിക്കുക. പിന്നീടായിരിക്കും കൊല്ലപ്പെട്ട യെമൻ പൗരന്റെ കുടുംബവുമായും ഗോത്രത്തലവൻമാരുമായും കൂടിക്കാഴ്‌ചയ്‌ക്ക് ശ്രമിക്കുക.

കൊല്ലപ്പെട്ടയാളുടെ കുടുംബത്തോടും യെമൻ ജനതയോടും പൊതുവായി മാപ്പ് പറയുന്നതും നിമിഷപ്രിയയെ വിട്ടയക്കണമെന്ന് അപേക്ഷിക്കുന്നതും അടക്കമുള്ള കാര്യങ്ങളും ഇവരുടെ ആലോചനയിലുണ്ട്. കുടുംബം ആശ്വാസധനം (ബ്ളഡ് മണി) സ്വീകരിച്ച് മാപ്പപേക്ഷ അംഗീകരിച്ചാൽ നിമിഷപ്രിയയുടെ മോചനത്തിന് വഴിതെളിയും.

ആഭ്യന്തരയുദ്ധം നടക്കുന്ന രാജ്യമായതിനാൽ യെമനിലെ നിലവിലെ ഭരണകൂടവുമായി ഇന്ത്യക്ക് ഔദ്യോഗിക നയതന്ത്ര ബന്ധമില്ല. ഇവിടുത്തെ എംബസി പ്രവർത്തിക്കുന്നത് ജിബൂട്ടിയിലാണ്. എംബസിയും സേവ് നിമിഷപ്രിയ ആക്ഷൻ കൗൺസിലുമാണ് യെമനിലെ ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. 2017 ജൂലൈ 25നാണ് നിമിഷ പ്രിയ യമന്‍കാരനായ തലാല്‍ അബ്‌ദുമഹ്ദിയെ കൊലപ്പെടുത്തി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചത്.

തലാലിനൊപ്പം ക്ളിനിക് നടത്തുകയായിരുന്നു നിമിഷ. സ്വന്തമായി ക്ളിനിക് തുടങ്ങാന്‍ സഹായ വാഗ്‌ദാനവുമായി വന്ന ഇയാൾ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. എന്നാൽ, അബ്‌ദുമഹ്ദിയുടെ മൃതദേഹം ഇവർ താമസിച്ചിരുന്ന വീടിന് മുകളിലെ ടാങ്കിൽ വെട്ടിനുറുക്കിയ നിലയിലാണ് കണ്ടെത്തിയത്. ഇക്കാര്യം തനിക്കറിയില്ലെന്ന നിമിഷപ്രിയയുടെ വാദം വിചാരണ കോടതി അംഗീകരിച്ചില്ല. വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടതോടെ സുപ്രീം കോടതിവരെ അപ്പീൽ പോയെങ്കിലും ശിക്ഷ ശരിവെക്കുകയായിരുന്നു.

Most Read| ഇറാന് നേരെ ഇസ്രയേൽ വ്യോമാക്രമണം; രാജ്യം യുദ്ധമുഖത്ത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE