കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ വീടുകളിൽ ഉദുമ എംഎൽഎ സന്ദർശനം നടത്തിയത് വിവാദമാകുന്നു. എംഎൽഎ പ്രതികളുടെ വീടുകളിൽ എത്തിയ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. കേസിലെ പതിനാലാം പ്രതിയും കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി അംഗവും കൂടിയായ എ ബാലകൃഷ്‌ണനോടൊപ്പമായിരുന്നു സിച്ച് കുഞ്ഞമ്പു എംഎൽഎ പ്രതികളുടെ വീടുകളിൽ എത്തിയത്.
പെരിയ ഇരട്ടക്കൊലക്കേസിൽ സിബിഐ അറസ്‌റ്റ് ചെയ്‌ത് റിമാൻഡിലായ പ്രതികളുടെ വീടുകളിലാണ് എംഎൽഎ സന്ദർശനം നടത്തിയത്. നേരത്തെ ക്രൈംബ്രാഞ്ച് അറസ്‌റ്റ് ചെയ്‌ത ബാലകൃഷ്‌ണൻ ഇപ്പോൾ ജാമ്യത്തിലാണ്. സിപിഎം ജില്ലാ സെക്രട്ടറി എംവി ബാലകൃഷ്‌ണൻ, എൽഡിഎഫ് കൺവീനർ കെപി സതീഷ് ചന്ദ്രൻ എന്നിവർ കഴിഞ്ഞ ദിവസങ്ങളിൽ പ്രതികളുടെ വീടുകളിലെത്തി പാർട്ടി പിന്തുണ അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് എംഎൽയുടെ സന്ദർശനവും. അതേസമയം, മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ, കാഞ്ഞങ്ങാട് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ മണികണ്‌ഠൻ അടക്കം കേസിലെ എട്ട് പ്രതികളോട് ഈ മാസം 15ന് എറണാകുളം സിജെഎം കോടതിയിൽ ഹാജരാവാൻ നിർദ്ദേശിച്ചിട്ടുണ്ട്.
Most Read: ഹൗസ് സർജൻമാരും പണിമുടക്കിലേക്ക്; ഇന്ന് അത്യാഹിത വിഭാഗമടക്കം ബഹിഷ്‌കരിക്കും