പാലക്കാട്: അട്ടപ്പാടിയില്‍ ഡിവൈഎഫ്‌ഐ നേതാവിന്റെ മുഖത്ത് അടിച്ച് പോലീസ് ഉദ്യോഗസ്‌ഥൻ. കോട്ടത്തറ ആശുപത്രിക്ക് മുന്നില്‍ വെച്ചാണ് അഗളി മുന്‍ മേഖലാ സെക്രട്ടറി മണികണ്‌ഠേശ്വരനെ മർദ്ദിച്ചത്. അഗളി സ്‌റ്റേഷനിലെ പോലീസ് ഉദ്യോഗസ്‌ഥനാണ് മർദ്ദിച്ചത്. മർദ്ദനത്തിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
വാഹനം സൈഡ് കൊടുക്കുന്നതുമായി ബന്ധപ്പെട്ട് കോട്ടത്തറ ആശുപത്രിക്ക് മുന്നില്‍ സംഘങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായിരുന്നു. ലോറിയും ബൈക്ക് യാത്രക്കാരനുമായുള്ള തര്‍ക്കം പിന്നീട് സംഘര്‍ഷത്തിലേക്ക് നീങ്ങി. ഇതില്‍ ഡിവൈഎഫ്‌ഐ നേതാവായ മനോജിന് പരിക്കേറ്റിരുന്നു. ഇതേ തുടര്‍ന്നാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കോട്ടത്തറ ആശുപത്രിയിൽ എത്തിയത്.
ഇവിടെ വച്ചും സംഘര്‍ഷം ഉണ്ടാവുന്ന സ്‌ഥിതിയുണ്ടായിരുന്നു. ഇതിനിടെയാണ് പോലീസ് ഉദ്യോഗസ്‌ഥൻ മുന്‍ മേഖലാ സെക്രട്ടറിയെ മർദ്ദിച്ചത്. എന്നാൽ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഹെല്‍മെറ്റ് കൊണ്ട് തങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ തടയുകയാണ് ചെയ്‌തതെന്ന് പോലീസ് വിശദീകരിച്ചു.
അതേസമയം മണികണ്‌ഠേശ്വരനെ രണ്ട് പ്രാവശ്യം പോലീസ് മുഖത്ത് അടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. സംഭവത്തില്‍ നിയമ നടപടിയുമായി മുന്നോട്ട് പോവുമെന്ന് ഡിവൈഎഫ്‌ഐ വ്യക്‌തമാക്കി.
Most Read: സ്‌ഥാനാർഥി ജെബി മേത്തര്‍; രാജ്യസഭയിലേക്ക് 42 വർഷത്തിന് ശേഷം ഒരു കോൺഗ്രസ് വനിത