പാലക്കാട് : ജില്ലയിൽ മംഗലം ഡാമിന് സമീപം കഴിഞ്ഞ ദിവസം ഷോക്കേറ്റ് ചരിഞ്ഞ കാട്ടാന 18 മാസം ഗർഭിണി ആയിരുന്നുവെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് സ്വകാര്യ വ്യക്‌തിയുടെ തോട്ടത്തിൽ കാട്ടാനക്കൂട്ടം ഇറങ്ങിയത്. തുടർന്ന് വൈദ്യുതി ലൈനിലേക്ക് മറിച്ചിട്ട കവുങ്ങ് വലിച്ചെടുക്കുന്നതിനിടെ ഷോക്കേറ്റതാകാമെന്ന് അധികൃതർ വ്യക്‌തമാക്കുന്നുണ്ട്.
ഇന്നലെയോടെ വയനാട്ടിൽ നിന്നെത്തിയ അസിസ്‌റ്റന്റ് വെറ്ററിനറി സർജൻ അജീഷ് മാധവനും സംഘവുമാണ് പോസ്‌റ്റുമോർട്ടം നടത്തിയത്. പോസ്‌റ്റുമോർട്ടം നടത്തിയതിന് പിന്നാലെയാണ് 20 വയസുള്ള പിടിയാന 18 മാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്. 22 മാസം വരെയാണ് ആനകളുടെ ഗർഭകാലം. വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റതാണ് മരണകാരണമെന്നും, മറ്റ് അസ്വാഭാവികതകൾ ഇല്ലെന്നും അധികൃതർ വ്യക്‌തമാക്കി.
നിലവിൽ ആനയുടെ ജഡം സുരക്ഷിതമായ സ്‌ഥാനത്തേക്ക് മാറ്റി മറവ് ചെയ്‌തു. പ്രദേശവാസികളുടെ ശുദ്ധജല സ്രോതസിനടുത്ത് കിടന്ന ജഡം നാട്ടുകാരുടെ അഭ്യർഥന മാനിച്ചാണ് മറ്റൊരു സ്‌ഥാനത്തേക്ക് മാറ്റി മറവ് ചെയ്‌തത്. പാലക്കാട് ഡിഎഫ്ഒ ടിപി അനീഷ്, ആലത്തൂർ റേഞ്ചർ എൻടി സിബിൻ, മംഗലംഡാം ഡെപ്യൂട്ടി റേഞ്ചർ കെ അഭിലാഷ്, നെല്ലിയാമ്പതി വനംവകുപ്പ്, മംഗലംഡാം പോലീസ്, കെഎസ്ഇബി അധികൃതർ എന്നിവർ സ്‌ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
Read also : പണിമുടക്കിൽ പങ്കെടുത്തവർക്ക് ശമ്പളമില്ല; വിധിക്കെതിരെ സംസ്‌ഥാന സർക്കാർ സുപ്രീം കോടതിയിൽ