കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളാ സന്ദർശനത്തിന്റെ പശ്‌ചാത്തലത്തിൽ കൊച്ചിയിൽ 12 കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്കി. പുലർച്ചെ വീടുകളിൽ എത്തിയാണ് നേതാക്കളെ കസ്‌റ്റഡിയിൽ എടുത്തത്. കെപിസിസി സെക്രട്ടറി തമ്പി സുബ്രഹ്‌മണ്യം, ഡിസിസി സെക്രട്ടറി എൻആർ ശ്രീകുമാർ, ഷെബിൻ ജോർജ്, അഷ്‌കർ ബാബു, ബഷീർ എന്നിവർ ഉൾപ്പടെയുള്ള നേതാക്കളെയാണ് കരുതൽ തടങ്കലിൽ ആക്കിയത്.
കൂടുതൽ പേരെ കസ്‌റ്റഡിയിൽ എടുക്കുമെന്നും സൂചനകൾ ഉണ്ട്. പ്രതിഷേധം കണക്കിലെടുത്താണ് നടപടി എന്നാണ് പോലീസ് വിശദീകരണം. രണ്ടു ദിവസത്തെ കേരളാ സന്ദർശനത്തിനായി ഇന്ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിക്ക് നഗരത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 2600 പോലീസുകാരെയാണ് സുരക്ഷയുടെ ഭാഗമായി കൊച്ചി നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്.
വൈകിട്ട് അഞ്ചുമണിക്ക് കൊച്ചി നാവികസേനാ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി, തേവര എസ്എച്ച് കോളേജിൽ നടക്കുന്ന റോഡ് ഷോയിലും ‘യുവം’ പരിപാടിയിലും പങ്കെടുക്കും. ക്രൈസ്‌തവ സഭാധ്യക്ഷൻമാരുമായുള്ള കൂടിക്കാഴ്‌ചയും ഉണ്ടാകും. നാളെ രാവിലെ കൊച്ചിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന പ്രധാനമന്ത്രി, വന്ദേഭാരത് ട്രെയിനും കൊച്ചി വാട്ടർ മെട്രോയും അടക്കം വിവിധ പദ്ധതികളുടെ ഉൽഘാടനം നിർവഹിക്കും.
Most Read: ലാവ്‍ലിൻ കേസ്; ഇന്ന് വീണ്ടും സുപ്രീം കോടതിയിൽ- സർക്കാരിന് നിർണായകം