കോട്ടയം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴക്കെടുതിയിൽ 25 മരണം റിപ്പോർട് ചെയ്തു. നാലുപേരെ കാണാതായി. പത്ത് പേർക്ക് പരിക്കേറ്റു. 418 ക്യാമ്പുകളിലായി 18,434 ആളുകളുണ്. 52 വീടുകൾ പൂർണമായും 555 വീടുകൾ ഭാഗികമായും തകർന്നു.
ഒന്നാം തീയതി മുതൽ ഇന്ന് വൈകീട്ട് അഞ്ചുമണിവരെയുള്ള കണക്കാണ് സർക്കാർ പുറത്തുവിട്ടത്. കോട്ടയം ജില്ലയിലാണ് കൂടുതൽപ്പേർ മരിച്ചത്. അഞ്ച് മരണം ജില്ലയിൽ റിപ്പോർട് ചെയ്തു. മലപ്പുറത്ത് നാലുപേർക്കും ആലപ്പുഴ, കണ്ണൂർ ജില്ലകളിൽ മൂന്നുവീതം പേർക്കും ജീവൻ നഷ്ടമായി.
ഇടുക്കിയിലും (14), കോട്ടയത്തുമാണ് (11) ഏറ്റവും കൂടുതൽ വീടുകൾ പൂർണമായി തകർന്നത്. പത്തനംതിട്ടയിലാണ് ഏറ്റവും കൂടുതൽ വീടുകൾ ഭാഗികമായി തകർന്നത് (103).
ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, എറണാകുളം, പത്തനംതിട്ട, കാസർഗോഡ്, ആലപ്പുഴ, ഇടുക്കി, വയനാട്, കോട്ടയം, തൃശൂർ, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. കേരള സർവകലാശാല നാളെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
അതേസമയം, കേരള സർവകലാശാല പഠന വകുപ്പുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല. കോഴിക്കോട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് നാളെ അവധി. എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് റെഡ് അലർട് പ്രഖ്യാപിച്ചത്.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം





































