തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ കെഎസ്ഇബിക്ക് ആശ്വാസമായി സർക്കാർ തീരുമാനം. റഗുലേറ്ററി കമ്മീഷൻ റദ്ദാക്കിയ വൈദ്യുതി കരാറുകൾ പുനഃസ്‌ഥാപിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ചീഫ് സെക്രട്ടറിയുടെ റിപ്പോർട് പരിഗണിച്ചാണ് തീരുമാനം.
വൈദ്യുതി നിയമത്തിലെ 108ആം വകുപ്പ് അനുസരിച്ചു സംസ്‌ഥാന സർക്കാരിന് കരാറുകൾ പുനരുജ്‌ജീവിപ്പിക്കാൻ കഴിയും. ഇതനുസരിച്ചാണ് മന്ത്രിസഭ തീരുമാനമെടുത്തത്. കരാറുകൾ പുനഃസ്‌ഥാപിച്ചില്ലെങ്കിൽ കുറഞ്ഞ വിലയ്‌ക്ക് വൈദ്യുതി ലഭിക്കില്ലെന്നും ബോർഡിന് സാമ്പത്തിക നഷ്‌ടമുണ്ടാകുമെന്നും ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ വ്യക്‌തമാക്കിയിരുന്നു.
റഗുലേറ്ററി കമ്മിഷൻ കരാറുകൾ റദ്ദാക്കിയതോടെ വൈദ്യുതി പ്രതിസന്ധി മറികടക്കാൻ ഉയർന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാൻ കെഎസ്ഇബി തീരുമാനിച്ചിരുന്നു. ദീർഘകാല കരാറിലൂടെ മൂന്ന് കമ്പനികളിൽ നിന്നാണ് യൂണിറ്റിന് 4.26 രൂപയ്‌ക്ക് 465 മെഗാവാട്ട് വൈദ്യുതിയാണ് കേരളം ഏഴ് വർഷമായി വാങ്ങിയിരുന്നത്.
യുഡിഎഫ് സർക്കാരിന്റെ കാലത്താണ് കരാറിലേർപ്പെട്ടത്. കരാറിലൂടെ 17 വർഷത്തേക്ക് 4.29 രൂപക്കും (350 മെഗാവാട്ട്) 4.15 രൂപക്കും (115 മെഗാവാട്ട്) ലഭിക്കുമായിരുന്നു. സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടിയാണ് റെഗുലേറ്ററി കമ്പനികൾ വൈദ്യുതി നൽകാൻ വിസമ്മതിച്ചത്.
ജാബുവ പവർ ലിമിറ്റഡ്, ജിൻഡാൽ പവർ ലിമിറ്റഡ്, ജിൻഡാൽ തെർമൽ പവർ ലിമിറ്റഡ് എന്നീ കമ്പനികളാണ് 4.26 രൂപയ്‌ക്ക് വൈദ്യുതി നൽകാൻ കെഎസ്എസ്ബിയുമായി കരാറിൽ ഏർപ്പെട്ടിരുന്നത്. റെഗുലേറ്ററി കമ്മീഷൻ കരാർ റദ്ദാക്കിയതോടെ കെഎസ്ഇബി വിവിധ ടെണ്ടറുകൾ വിളിച്ചെങ്കിലും യൂണിറ്റിന് 7.30 രൂപയ്‌ക്ക് മുകളിലാണ് കമ്പനികൾ ആവശ്യപ്പെട്ടത്. ഇതോടെയാണ് വിഷയത്തെക്കുറിച്ചു പഠിച്ചു റിപ്പോർട് നൽകാൻ സർക്കാർ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്.
Most Read| ഏഷ്യന്‍ ഗെയിംസ്; മെഡൽ നേട്ടത്തിൽ റെക്കോർഡ് മറികടന്ന് ഇന്ത്യ