കോഴിക്കോട്: പെട്രോൾ പമ്പുകൾ തുറന്ന് പ്രവർത്തിക്കണമെന്ന് കോഴിക്കോട് ജില്ലാ കളക്‌ടർ ഡോ.തേജ് ലോഹിത് റെഡ്‌ഢി. അവശ്യ സർവീസായ ആംബുലൻസിനെയും മറ്റ് അത്യാവശ്യ സർവീസ് നടത്തുന്ന വാഹനങ്ങളെയും പണിമുടക്ക് ബാധിക്കാതിരിക്കാനാണ് നാളെ ജില്ലയിലെ പെട്രോൾ പമ്പുകൾ തുറന്ന് പ്രവർത്തിക്കാൻ നിർദ്ദേശം നൽകിയതെന്ന് കളക്‌ടർ അറിയിച്ചു.
രോഗികളുമായി പോകുന്ന ആംബുലൻസ് ഉൾപ്പടെയുള്ള അവശ്യ സർവീസുകൾക്ക് പണിമുടക്കിനെ തുടർന്ന് ഡീസലും പെട്രോളും ലഭിക്കാത്ത സാഹചര്യമുണ്ട്. മനുഷ്യത്വപരമായ സമീപനത്തോടെ ആംബുലൻസുകൾക്കും ഇതര അവശ്യ സർവീസ് നടത്തുന്ന വാഹനങ്ങൾക്കും ഇന്ധനം നൽകാൻ പെട്രോൾ പമ്പ് ഉടമകൾ സഹകരിക്കണമെന്നും കളക്‌ടർ ആവശ്യപ്പെട്ടു.
അതേസമയം, ഇന്ന് സംസ്‌ഥാനത്ത് തുറന്ന് പ്രവർത്തിച്ചിരുന്ന ഒട്ടുമിക്ക പെട്രോൾ പമ്പിന് നേരെയും സമരാനുകൂലികളുടെ ആക്രമണം റിപ്പോർട് ചെയ്‌തിട്ടുണ്ട്. ഈ സാഹചര്യത്തിൽ നാളെ ജില്ലയിൽ തുറന്ന് പ്രവർത്തിക്കുന്ന പെട്രോൾ പമ്പുകൾക്ക് ആവശ്യമായ സുരക്ഷാ സംവിധാനം ഒരുക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും കോഴിക്കോട് കളക്‌ടർ അറിയിച്ചു.
Most Read: കൊച്ചിയിലെ തിയേറ്ററുകൾ തുറന്നു; വൈകിട്ട് ആറിന് ശേഷം പ്രദർശനം