റഷ്യ: യുക്രെയ്‌ൻ അതിർത്തി മേഖലയിൽ യുദ്ധഭീതി പടരുന്നു. സൈന്യത്തെ പിൻവലിക്കുകയാണെന്ന് റഷ്യ പ്രസ്‌താവിച്ചെങ്കിലും യുക്രെയ്‌നോ പാശ്‌ചാത്യ രാജ്യങ്ങളോ ഇത് വിശ്വാസത്തിൽ എടുത്തിട്ടില്ല. സൈന്യത്തെ പിൻവലിക്കുന്നതിന്റെ തെളിവായി റഷ്യ പുറത്തുവിട്ട ദൃശ്യങ്ങൾ യഥാർഥ സാഹചര്യത്തെ പ്രതിഫലിപ്പിക്കുന്നതല്ലെന്നും യുക്രെയ്‌ൻ അതിർത്തിയിലെ സൈനിക വിന്യാസം റഷ്യ ശക്‌തമായി തന്നെ തുടരുകയാണെന്നുമാണ് യുഎസ് ഉൾപ്പടെയുള്ള രാജ്യങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
ഇതിനിടെ നാറ്റോ സഖ്യമില്ലാതെ തങ്ങൾക്ക് മുന്നിൽ മറ്റ് വഴികളില്ലെന്ന് യുക്രെയ്‌ൻ പ്രസിഡണ്ട് വ്‌ളാഡിമിർ സെലൻസ്‌കി വ്യക്‌തമാക്കി. നാറ്റോയിൽ ചേരുകയെന്നത് രാജ്യത്തിന്റെ സുരക്ഷ ഉറപ്പുവരുത്തലാണെന്നും അക്കാര്യത്തിൽ വിട്ടുവീഴ്‌ച ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, യുക്രെയ്‌ന്റെ നിയന്ത്രണത്തിലുള്ള സ്‌ളാനിറ്റ്‌സിയ ലുഹാൻസ്‌കയിലെ നഴ്‌സറിക്ക് നേരെ ഷെല്ലാക്രമണമുണ്ടായി. ഡോൺബാസ് മേഖലയിലെ റഷ്യയുടെ പിന്തുണയുള്ള വിമതരാണ് ആക്രമണത്തിന് പിന്നിലെന്ന് യുക്രെയ്‌ൻ ആരോപിച്ചു. മേഖലയിലെ വെടിനിർത്തൽ ധാരണയാണ് ലംഘിക്കപ്പെട്ടതെന്നും യുക്രെയ്‌ൻ കുറ്റപ്പെടുത്തി. ആക്രമണത്തിൽ തകർന്ന നഴ്‌സറിയുടെ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. മൂന്ന് പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ടുകൾ.
യുക്രെയ്‌ൻ ഭാഗത്ത് നിന്ന് തങ്ങൾക്ക് നേരെയും ഷെല്ലാക്രമണം ഉണ്ടായതായി ഡോൺബാസ് മേഖലയിലെ റഷ്യൻ വിമതർ ആരോപിച്ചു. ഇതിന് പിന്നാലെ നാറ്റോ സഖ്യത്തിന്റെ നിലപാടുകൾ പരിധിവിട്ടുവെന്ന് ആരോപിച്ച് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്‌റോവ് രംഗത്തെത്തി. നാറ്റോ അധികാര സേനയെ മേഖലയിൽ വിന്യസിക്കുമെന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നാറ്റോ തങ്ങൾക്കെതിരെ എന്ത് ആരോപണങ്ങളാണോ ഉന്നയിച്ചത് അത് തന്നെയാണ് തങ്ങൾ ഇപ്പോൾ ചെയ്‌തുകൊണ്ടിരിക്കുന്നത് എന്നും ലവ്‌റോവ് തുറന്നടിച്ചു.
Most Read: പ്രായം 80, ഓർമശക്‌തി ഗംഭീരം; കശ്‌മീരി മുത്തശ്ശിയുടെ ഇംഗ്ളീഷിന് കയ്യടിച്ച് സോഷ്യൽ മീഡിയ