സിദ്ധാർഥന്റെ മരണം സിബിഐയ്‌ക്ക് വിട്ടു; കോൺഗ്രസ് നിരാഹാര സമരം അവസാനിപ്പിച്ചു

അന്വേഷണം സിബിഐക്കു വിട്ട സാഹചര്യത്തിൽ സിബിഐ അന്വേഷണമാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, കെഎസ്‍യു നേതാക്കൾ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു.

By Central Desk, Malabar News
Death of siddharth
Ajwa Travels

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ കേസ് അന്വേഷണം സിബിഐക്ക് വിട്ടു. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി. കുടുംബത്തിന്റെ ആവശ്യപ്രകാരമാണു നടപടി. സിദ്ധാർഥന്റെ പിതാവും ബന്ധുക്കളും ഇന്ന് ഓഫിസിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു. കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സിദ്ധാർഥന്റെ അമ്മ മുഖ്യമന്ത്രിക്ക് നിവേദനം നൽകുകയും ചെയ്‌തിരുന്നു. അന്വേഷണം സിബിഐക്ക് വിടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധാർഥന്റെ കുടുംബത്തെ അറിയിച്ചു.

അതേസമയം, മരണത്തിൽ കുറ്റക്കാർക്കെതിരെ നടപടിയാവശ്യപ്പെട്ടും സിബിഐ അന്വേഷണമാവശ്യപ്പെട്ടും യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, കെഎസ്‍യു സംസ്‌ഥാന നേതാക്കൾ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. അന്വേഷണം സിബിഐക്കു വിട്ട സാഹചര്യത്തിലാണ് കോൺഗ്രസ് നേതാക്കൾ സമരം അവസാനിപ്പിച്ചത്.

കേസ് അന്വേഷണം സിബിഐക്ക് വിട്ട നടപടിയെ സിദ്ധാർഥന്റെ കുടുംബം സ്വാഗതം ചെയ്‌തു. നീതി കിട്ടുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് സിദ്ധാർഥന്റെ അഛൻ ജയപ്രകാശ് പറഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരി 18നാണു സിദ്ധാർഥനെ ഹോസ്‌റ്റലിലെ കുളിമുറിയില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. മകന്റെ മരണത്തിൽ ഒരുപാട് സംശയങ്ങളം തെളിവുകളുമുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയെ സന്ദർശിച്ചതിനു പിന്നാലെ പിതാവ് ജയപ്രകാശ് മാധ്യമങ്ങളോടു പറഞ്ഞത്.

‘‘സിദ്ധാർഥനെ ക്രൂരമായി ഉപദ്രവിച്ചു. പോസ്‌റ്റുമോർട്ടം റിപ്പോർട്ട് പരിശോധിച്ചാൽ അക്കാര്യം വ്യക്‌തമാകും. ഡോക്‌ടർമാരെ താൻ പോസ്‍റ്റ്‍മോർട്ടം റിപ്പോർട്ടു കാണിച്ചിരുന്നു. എഴുന്നേറ്റ് നിൽക്കാന്‍ കഴിയാത്ത ആൾ എങ്ങനെ തൂങ്ങിമരിക്കുമെന്നാണ് അവർ ചോദിച്ചത്. കുറേ വിവരങ്ങൾ ഡോക്‌ടർമാരിൽനിന്ന് കിട്ടി. അതെല്ലാം മുഖ്യമന്ത്രിയോട് പറഞ്ഞു. എന്താണ് ആവശ്യമെന്ന് മുഖ്യമന്ത്രി ചോദിച്ചു. സിബിഐ അന്വേഷണം വേണമെന്നു പറഞ്ഞു. മുഖ്യമന്ത്രി 5 മിനിറ്റോളം പരാതി വായിച്ചുനോക്കി. സിബിഐ അന്വേഷണം വേണമെങ്കിൽ ഉറപ്പായും സിബിഐ അന്വേഷണത്തിനു വിടാം എന്നു പറഞ്ഞു’’–ജയപ്രകാശ് പറഞ്ഞു.

‘‘എസ്‌എഫ്‌ഐയെക്കുറിച്ചു മുഖ്യമന്ത്രിയോടു പറഞ്ഞില്ല. സിദ്ധാർഥൻ മരിച്ചതല്ല, കൊന്നതാണെന്നു മുഖ്യമന്ത്രിയോട് പറഞ്ഞു. സിബിഐ അന്വേഷണം വരുമ്പോൾ ഡീനിനെക്കുറിച്ചും അസി.വാർഡനെക്കുറിച്ചും പറയും. അവർ മറച്ചുവച്ച കാര്യങ്ങളെക്കുറിച്ചു പറയും. അവരുടെ ഇടപെടൽ സംബന്ധിച്ച് തെളിവുകളുണ്ട്. ആന്റി റാഗിങ് സെൽ റിപ്പോർട്ടിൽ ഒരു പുതിയ പ്രതി കൂടി ഉണ്ട്. അയാളുടെ പേര് പൊലീസ് റിപ്പോർട്ടിലില്ല. ആരൊക്കെയോ സമ്മർദം ചെലുത്തുന്നുണ്ട്. ഡീനിന് എതിരെയും അസി.വാർഡനെതിരെയും കൊലക്കുറ്റത്തിന് കേസെടുക്കണം. സർവീസിൽനിന്ന് മാറ്റി നിർത്തണം. മുൻപ് നടന്ന മരണങ്ങളും അന്വേഷിക്കണം.’’–സിദ്ധാർഥന്റെ പിതാവ് പറഞ്ഞു.

MOST READ | കൂട്ടബലാൽസംഗം; പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE