കണ്ണൂർ: അപൂർവമായ വെൻട്രിക്യുലോ ഏട്രിയൽ ഷണ്ടിങ് ചികിത്സാ രീതിയിലൂടെ 6 വയസുകാരന് പുതുജീവൻ നൽകി കണ്ണൂർ മിംസ് ആശുപത്രി. വടക്കേ മലബാറിൽ ആദ്യമായാണ് ഈ ചികിൽസാ രീതി വിജയകരമായി പൂർത്തിയാക്കുന്നത്. കടുത്ത ചുമയും ശ്വാസം മുട്ടലുമായി എത്തിയ കുട്ടിക്ക് തലച്ചോറിനകത്ത് വെള്ളക്കെട്ടുണ്ടാകുന്ന രോഗാവസ്‌ഥ ജൻമനാ ഉണ്ടായിരുന്നു.
ഇതിനു പ്രതിവിധിയായി തലച്ചോറിൽ നിന്നു വയറിലേക്കു വെള്ളം നീക്കം ചെയ്യാനുള്ള ഷണ്ടിങ് ചികിൽസ മുൻപ് നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. ഇതാണ് കുട്ടിക്ക് ശക്തമായ ശ്വാസം മുട്ടലും ചുമയും അനുഭവപ്പെടാനുണ്ടായ കാരണം. ഇതേ സ്‌ഥിതി തുടർന്നാൽ കുഞ്ഞിന്റെ ജീവനുതന്നെ ഭീഷണിയാകുന്ന സാഹചര്യത്തിലാണ് തലച്ചോറിൽ ദ്വാരം സൃഷ്‌ടിച്ച് നേർത്ത ട്യൂബ് വഴി അമിതമായ വെള്ളം ഹൃദയത്തിലെത്തിക്കുന്ന വെൻട്രിക്യുലോ ഏട്രിയൽ ഷണ്ടിങ് ചികിൽസ നൽകാൻ വിദഗ്‌ധ ഡോക്‌ടർമാരുടെ സംഘം തീരുമാനിച്ചത്.
സാധാരണ ഷണ്ടിങ് ചികിൽസയെ അപേക്ഷിച്ച് കൂടുതൽ സങ്കീർണമാണ് ഈ പ്രക്രിയ. നെഞ്ചിലെ ട്യൂബ് എടുത്തു മാറ്റിയതിന് ശേഷമാണ് പുതിയ ട്യൂബ് ഹൃദയത്തിലേക്കു നിക്ഷേപിച്ചത്. കുട്ടിക്ക് ഭാവിയിൽ ഇനി മറ്റ് ബുദ്ധിമുട്ടുകളൊന്നും ഉണ്ടാകാനിടയില്ലെന്ന് ശസ്‌ത്രക്രിയക്ക് നേതൃത്വം നൽകിയ സീനിയർ കൺസൾട്ടന്റ് പീഡിയാട്രിക് ന്യൂറോസർജൻ ഡോ. മഹേഷ് ഭട്ട് പറഞ്ഞു.
Most Read: 21 ദിവസംകൊണ്ട് വിരിയേണ്ട കോഴിമുട്ട 14ആം ദിനം വിരിഞ്ഞു; കാരണം പിടികിട്ടാതെ വീട്ടുകാർ