പാലക്കാട്: നെല്ലു സംഭരണ രജിസ്ട്രേഷനില്‍ കൂടുതല്‍ ഇളവുകള്‍ വരുത്തി സപ്ലൈകോ. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ആണ് രജിസ്ട്രേഷനില്‍ ഇളവുകള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇളവുകള്‍ വരുത്തിയതോടെ കഴിഞ്ഞ വര്‍ഷം ഒന്നാം വിളക്ക് രജിസ്റ്റര്‍ ചെയ്ത കര്‍ഷകര്‍ക്ക് വീണ്ടും രജിസ്റ്റര്‍ ചെയ്യാതെ തന്നെ ഇത്തവണ സംഭരണം നടത്താനാകും.
സംസ്ഥാനത്ത് കോവിഡ് വ്യാപന ഭീതി നിലനില്‍ക്കുന്നതിനാല്‍ കര്‍ഷകരില്‍ പലര്‍ക്കും പുറത്തുപോയി രജിസ്ട്രേഷന് നടത്താന്‍ ബുദ്ധിമുട്ടുണ്ട്. കൂടാതെ കര്‍ഷകരില്‍ ഭൂരിഭാഗം പേരും 60 വയസ്സിന് മുകളിലുള്ളവരാണ്. ഇത്തരം സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് നെല്ലു സംഭരണ നടപടി ലളിതമാക്കാന്‍ സപ്ലൈകോ തീരുമാനമെടുത്തത്.
കഴിഞ്ഞ വര്‍ഷം ഒന്നാം വിളക്ക് രജിസ്റ്റര്‍ ചെയ്തവരെല്ലാം ഇത്തവണ കൃഷിയിറക്കിയിട്ടുണ്ടോ എന്ന കാര്യം കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ കൃത്യമായി പരിശോധിക്കും. സുഭിക്ഷ കേരളം പദ്ധതിയില്‍ നെല്‍കൃഷി ചെയ്ത കുടുംബശ്രീകള്‍ക്കും വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും സപ്ലൈകോയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമൊരുക്കും.
പാലക്കാട് 65000 ത്തോളം കര്‍ഷകരാണ് കഴിഞ്ഞവര്‍ഷം ഒന്നാം വിളക്ക് രജിസ്റ്റര്‍ ചെയ്തത്. 1.2 ലക്ഷം മെട്രിക് ടണ്‍ നെല്ല് അന്ന് സംഭരിച്ചിരുന്നു. ഈ വര്‍ഷം സുഭിക്ഷ കേരളം പദ്ധതിയുടെയും മറ്റും ഭാഗമായി ജില്ലയില്‍ തരിശുഭൂമിയില്‍ വ്യാപകമായി കൃഷി ഇറക്കിയിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ കൂടുതല്‍ വിളവ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.