ന്യൂഡെൽഹി: കോവിഡ് രണ്ടാം തരംഗ ഭീഷണി കുറഞ്ഞ ജൂലൈയിൽ കയറ്റുമതി വരുമാനം 3543 കോടി ഡോളറായി ഉയർന്നു. മുൻ വർഷം ജൂലൈ മാസത്തേക്കാൾ ഏതാണ്ട് 50 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം, ഇറക്കുമതി ചിലവിലും വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.
മുൻ വർഷത്തേക്കാൾ 63 ശതമാനം കൂടി 4640 കോടി ഡോളറായാണ് ഇത് ഉയർന്നത്. ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിലെ കയറ്റുമതി വരുമാനം മുൻ വർഷം ഇതേ കാലത്തേക്കാൾ 74.5 ശതമാനം ഉയർന്ന് 13,082 കോടി ഡോളറായി. ഇറക്കുമതി 94 ശതമാനം ഉയർന്ന് 17,250 കോടി ഡോളറുമായി.
കോവിഡ് വ്യാപനം തടയുന്നതിനായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയതോടെ 2020-21ന്റെ ആദ്യ മാസങ്ങളിൽ ചരക്ക് കയറ്റുമതിയും, ഇറക്കുമതിയും കുത്തനെ ഇടിഞ്ഞിരുന്നു. പിന്നീട് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെയാണ് വർധനവ് പ്രകടമായത്.
Read Also: പിഎസ്‌ജി കുപ്പായത്തിൽ മെസിയുടെ അരങ്ങേറ്റം ഇന്നുണ്ടായേക്കും