മലപ്പുറം: കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റിയുടെ കീഴില്‍ സംഘടിപ്പിക്കുന്ന ‘ഇമാം കോണ്‍ഫറന്‍സ്’ ഈ മാസം 17ന് വ്യാഴാഴ്‌ചയും 26ന് ശനിയാഴ്‌ചയും നടക്കും. നാല് കേന്ദ്രങ്ങളിലാണ് സമ്മേളനം നടക്കുക. പതിനൊന്ന് സോണുകളിൽ നിന്നായി, സ്വദർ മുഅല്ലിമീങ്ങൾ ഉൾപ്പടെ 850 പ്രതിനിധികൾ സംബന്ധിക്കും.
‘ജഗ്രതയാണ് കരുത്ത്’ എന്ന ശീർഷകത്തില്‍ നടത്തുന്ന ക്യാംപയിന്റെ ഭാഗമാണ് കോൺഫറൻസ്. ജില്ലയിലെ വിവിധ മുസ്‌ലിം മഹല്ലുകളിൽ പ്രബോധന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ഇമാം, ഖത്വീബ് എന്നിവരാണ് പങ്കെടുക്കുന്ന പ്രധാന പ്രതിനിധികൾ.
വണ്ടൂര്‍ അൽ ഫുര്‍ഖാൻ ക്യാമ്പസിലും രണ്ടത്താണി ജാമിഅ നുസ്റത്തിലും ഫെബ്രുവരി 17ന് വ്യാഴാഴ്‌ചയാണ് സമ്മേളനങ്ങള്‍ നടക്കുന്നത്. രാവിലെ 10 മണിക്ക് വണ്ടൂര്‍ അൽഫുര്‍ഖാനില്‍ നടക്കുന്ന ‘ഇമാം കോണ്‍ഫറന്‍സ്’ കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന വൈസ് പ്രസിഡണ്ട് കെപി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം ഉൽഘാടനം നിർവഹിക്കും.
ജില്ലാ വൈസ് പ്രസിഡണ്ട് കെകെഎസ് തങ്ങള്‍ പെരിന്തല്‍മണ്ണ അധ്യക്ഷത വഹിക്കും. അലവിക്കുട്ടി ഫൈസി എടക്കര, കെപി ജമാല്‍ കരുളായി, ബശീര്‍ സഖാഫി പൂങ്ങോട് എന്നിവർ സമ്മേളനത്തിൽ പ്രസംഗിക്കും. വൈകീട്ട് നാലിന് രണ്ടത്താണി ജാമിഅ നുസ്റത്തിൽ നടക്കുന്ന സമ്മേളനം കേരള മുസ്‌ലിം ജമാഅത്ത് സംസ്‌ഥാന സെക്രട്ടറി പൊൻമള അബ്‌ദുൽ ഖാദിർ മുസ്‌ലിയാര്‍ ഉൽഘാടനം ചെയ്യും.
ജാമിഅ നുസ്റത്തിൽ നടക്കുന്ന സമ്മേളനത്തിൽ ജില്ലാ വൈസ് പ്രസിഡണ്ട് പിഎസ്‌കെ ദാരിമി എടയൂര്‍ അധ്യക്ഷത വഹിക്കും. കെഎം യൂസുഫ് ബാഖവി മാറഞ്ചേരി, ഊരകം അബ്‌ദുറഹ്‌മാൻ സഖാഫി, അബ്‌ദുൽ മജീദ് മുസ്‌ലിയാർ എന്നിവർ പ്രസംഗിക്കും.
ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി ഇരു കേന്ദ്രങ്ങളിലും വിഷയാവതരണം നടത്തും. 26ന് സികെ നഗർ ചെമ്മാടും ബുഖാരി ക്യാമ്പസ് കൊണ്ടോട്ടിയിലുമായാണ് സമ്മേളനം നടക്കുക. വിശദാംശങ്ങൾ അടുത്ത ദിവസം പ്രഖ്യാപിക്കുമെന്നും സംഘടനാ നേതൃത്വം വ്യക്‌തമാക്കി.
‘വിശ്വാസി സമൂഹത്തെ നേരിന്റെ വഴിയിൽ നിന്നും വ്യതിചലിപ്പിക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ് ചുറ്റിലും നടക്കുന്നത്. ഇതിന് വർഗീയ-മതനിരാസ-മനുഷ്യത്വവിരുദ്ധ-സ്വതന്ത്ര ചിന്തയുടെ പിന്തുണയുമുണ്ട്. ഇത്തരം കാര്യങ്ങളിൽ അവസരോചിതമായ ഇടപെടൽ നടത്തി വിശ്വാസി സമൂഹത്തിന് കാവലും അവബോധവും നൽകാൻ കേരള മുസ്‌ലിം ജമാഅത്തും അതിന്റെ പോഷക ഘടകങ്ങളും ബാധ്യസ്‌ഥരാണ്. ഇതിനാവശ്യമായ മുൻകരുതലുകളുടെ ഭാഗമാണ് ‘ഇമാം കോണ്‍ഫറന്‍സ്’. -സംഘടനാ നേതൃത്വം വിശദീകരിച്ചു.
Most Read: 3000 വർഷം പഴക്കമുള്ള ‘മമ്മി’; രഹസ്യങ്ങളുടെ ചുരുളഴിച്ച് ഗവേഷകർ