തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിൽ ഇന്നത്തെ സ്വർണവില. പവന് ഇന്ന് 600 രൂപ വർധിച്ചു, ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 46,480 ആയി ഉയർന്നു. ഗ്രാമിന് 75 രൂപ കൂടി 5810 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4820 രൂപയുമാണ്. 27ന് സ്വർണത്തിന് 200 രൂപ കൂടി 45,880ൽ എത്തിയിരുന്നു. എന്നാൽ, ഇന്നലെ മാറ്റമില്ലാതെ തുടർന്നു.
ഒക്‌ടോബർ 28,29 തീയതികളിൽ രേഖപ്പെടുത്തിയ റെക്കോർഡ് നിരക്കായ ഗ്രാമിന് 5740 രൂപയെയും പവന് 45,920 രൂപയെയുമാണ് ഇന്നത്തെ വില തകർത്തത്. രാജ്യാന്തര വിപണിയിൽ വില കുത്തനെ ഉയർന്നതാണ് സംസ്‌ഥാന വിപണിയിലും വിലവർധിക്കാൻ കാരണമായത്.
പശ്‌ചിമേഷ്യയിലെ വെടിനിർത്തൽ സ്വർണവിലയിൽ കുറവ് വരുത്തുമെന്ന പ്രതീക്ഷയിലായിരുന്നു വിപണി. എന്നാൽ, ചൈനയിൽ പുതിയ രോഗം പൊട്ടിപ്പുറപ്പെട്ടു എന്നുള്ള വാർത്ത സ്വർണവില കുതിക്കുന്നത് കാരണമായി.
അതോടൊപ്പം, അമേരിക്ക പലിശ നിരക്ക് ഇനി ഉടനെ ഉയർത്തില്ലെന്നും, കുറക്കാനുള്ള സാധ്യതകളാണെന്നുമുള്ള ഫെഡറൽ റിസർവിന്റെ സൂചനകളും സ്വർണവില വർധിക്കുന്നതിന് കാരണമായി. രാജ്യാന്തര സ്വർണവില ട്രോയ് ഔൺസിന് 2045 ഡോളറായി. 24 കാരറ്റ് സ്വർണത്തിന്റെ ബാങ്ക് നിരക്ക് 64 ലക്ഷം രൂപക്ക് അടുത്തായിട്ടുണ്ട്.
അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 82 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെളളിയുടെ വിപണിവില 103 രൂപയുമാണ്.
Most Read| സ്‌ത്രീകളെ ഭയം, 55 വർഷമായി സ്വയം തടവിൽ; 71-കാരന്റെ ജീവിത പോരാട്ടം