കൊല്ലം: അഞ്ചൽ സ്വദേശി ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ നാളെ ആരംഭിക്കും. ഉത്രയുടെ ഭർത്താവ് സൂരജാണ് കേസിലെ മുഖ്യപ്രതി. കേസിലെ മാപ്പുസാക്ഷിയും പ്രതി സൂരജിന് പാമ്പിനെ വിൽക്കുകയും ചെയ്‌ത പാരിപ്പള്ളി കുളത്തൂർക്കോണം സ്വദേശി ചാവരുകാവ് സുരേഷിനെയാണ് ആദ്യം വിസ്‌തരിക്കുന്നത്.
പ്രതിഭാഗത്തിന്റെ പ്രത്യേക അപേക്ഷ കണക്കിലെടുത്ത് പ്രതിയെ കോടതിയിൽ ഹാജരാക്കും. നേരത്തെ കുറ്റപത്രം വായിച്ചു കേൾപ്പിച്ചത് ഉൾപ്പെടെയുള്ള നടപടികൾ വീഡിയോ കോൺഫറൻസിലൂടെ ആയിരുന്നു നടന്നത്. കേസിൽ ആകെ 217 സാക്ഷികളാണുള്ളത്. സുരേഷിന്റെ വിചാരണ പൂർത്തിയായ ശേഷം മറ്റു സാക്ഷികൾക്ക് സമൻസ് അയക്കും.
ഉത്രയെ ഭർത്താവ് സൂരജ് പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തി എന്നതാണ് കേസ്. കഴിഞ്ഞ മെയ് 6ന് ആയിരുന്നു സംഭവം നടന്നത്. അതിന് മുൻപ് അണലിയെ ഉപയോഗിച്ച് നടത്തിയ ശ്രമം പരാജയപ്പെട്ടിരുന്നു. കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ജി മോഹൻരാജ് കോടതിയിൽ ഹാജരാകും.
Read Also: കെഎസ്എഫ്ഇയിൽ ക്രമക്കേട് നടന്നിട്ടില്ലെന്ന് ചെയർമാൻ പീലിപ്പോസ് തോമസ്