കൊച്ചി: വന്ദേഭാരത് ട്രെയിനിന് മലപ്പുറത്തെ തിരൂരിൽ സ്‌റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി ഹൈക്കോടതി. ഹരജിയിൽ ഇടപെടാൻ ആകില്ലെന്ന് കോടതി വ്യക്‌തമാക്കി. മലപ്പുറം സ്വദേശി നൽകിയ പൊതുതാൽപര്യ ഹരജിയാണ് തളളിയത്. ഓരോരുത്തരുടെ താൽപര്യത്തിന് സ്‌റ്റോപ്പ് അനുവദിച്ചാൽ എക്‌സ്‌പ്രസ് ട്രെയിൻ എന്ന സങ്കൽപ്പം ഇല്ലാതാകുമെന്നും ഇക്കാര്യത്തിൽ റെയിൽവേയാണ് തീരുമാനം എടുക്കേണ്ടതെന്നും കോടതി അറിയിച്ചു.
അതേസമയം, വന്ദേഭാരത് ട്രെയിനിന് നേരെ കഴിഞ്ഞ ദിവസം തിരൂരിൽ വെച്ച് കല്ലേറുണ്ടായ സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. തിരൂരിനും താനൂരിനും ഇടയിലുള്ള കമ്പനിപ്പടി എന്ന സ്‌ഥലത്തിന് സമീപത്ത് വെച്ചാണ് കല്ലേറുണ്ടായത് എന്നാണ് പോലീസ് നിഗമനം. സിസിടിവി ഇല്ലാത്ത വിജനമായ സ്‌ഥലത്ത് വെച്ചാണ് കല്ലേറുണ്ടായത്.
സംഭവത്തിൽ തിരൂർ പോലീസും റെയിൽവേ പോലീസും നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് കാസർഗോഡ് നിന്നും വരുന്ന ട്രെയിനിന് നേരെ കല്ലേറുണ്ടായത്. ആക്രമണത്തിൽ സി4 കോച്ചിന്റെ ചില്ല് തകർന്നിരുന്നു. പിന്നാലെ, വന്ദേഭാരത്തിന് സുരക്ഷ വർധിപ്പിക്കണമെന്ന് റെയിൽവേ നിർദ്ദേശിച്ചിരുന്നു.
Most Read: ‘ദി കേരള സ്‌റ്റോറി’; എന്ത് നടപടി സ്വീകരിക്കാം? നിയമോപദേശം തേടി സർക്കാർ