മണിപ്പൂരിൽ സ്‌ത്രീകൾക്ക് എതിരായ അതിക്രമം; അറസ്‌റ്റിലായവരുടെ എണ്ണം നാലായി

അതേസമയം, മണിപ്പൂർ വിഷയം ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്‌റ്റിസ്‌ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക. സോമി സ്‌റ്റുഡന്റ്സ് ഫെഡറേഷൻ മണിപ്പൂർ സർക്കാരിനെതിരെയാണ് ഹരജി നൽകിയത്.

By Trainee Reporter, Malabar News
manipur violence
Ajwa Travels

ന്യൂഡെൽഹി: മണിപ്പൂരിൽ സ്‌ത്രീകൾക്കെതിരെ അതിക്രമം നടത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്‌റ്റിൽ. ഇതോടെ അറസ്‌റ്റിലായവരുടെ എണ്ണം നാലായി. യുവതിയെ പാടത്തേക്ക് വലിച്ചുകൊണ്ടുപോകുന്നതായി വീഡിയോയിൽ കാണുന്ന പച്ച ഷർട്ട് ധരിച്ച ഹുയിറം ഹെറോദോസ് സിങ് അടക്കമുള്ള നാലുപേരാണ് പിടിയിലായത്. തട്ടിക്കൊണ്ടുപോകൽ, കൂട്ടബലാൽസംഗം, കൊലപാതകം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

സംഭവത്തിൽ ഉൾപ്പെട്ട എട്ടുപേരെ കൂടി അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. അതിനിടെ, മുഖ്യപ്രതിയായ ഹുയിറം ഹെറോദോസ് സിംഗിന്റെ വീടിന് നാട്ടുകാർ ഇന്നലെ വൈകിട്ട് തീയിട്ടു. ഇതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്. മണിപ്പൂരിൽ കുക്കി വിഭാഗത്തിൽപ്പെട്ട സ്‌ത്രീകളെ നഗ്‌നരാക്കി നടത്തുകയും അതിക്രൂരമായി പീഡിപ്പിക്കുകയും ചെയ്‌ത സംഭവത്തിന് പ്രേരകമായത് വ്യാജ പ്രചാരണമാണെന്നാണ് പോലീസ് പറയുന്നത്.

ഡെൽഹിയിൽ നടന്ന കൊലപാതക വാർത്ത മണിപ്പൂരിലെ ചുരാചന്ദ്പൂരിൽ നടന്നതെന്ന പേരിൽ പ്രചരിച്ചതാണ് മണിപ്പൂരിലെ ക്രൂരതയിലേക്ക് നയിച്ചതെന്നാണ് പോലീസ് വിശദമാക്കുന്നത്. മെയ്‌തേയ് വിഭാഗത്തിലെ സ്‌ത്രീക്ക് നേരെയുണ്ടായ അതിക്രമം എന്ന പേരിലാണ് വ്യാപക പ്രചാരം നേടിയത്. പ്ളാസ്‌റ്റിക് ഷീറ്റിൽ പൊതിഞ്ഞ നിലയിലുള്ള സ്‌ത്രീയുടെ മൃതദേഹം മണിപ്പൂരിലെ സ്‌ത്രീയുടേതെന്ന പേരിൽ പ്രചരിച്ചതിന് പിന്നാലെയാണ് കാൻഗ്‌പോക്‌പിയിൽ അഞ്ചുപേരെ തട്ടിക്കൊണ്ടുപോകാനിടയായത്. 800 മുതൽ 1000 പേരടങ്ങിയ ആയുധധാരികൾ ഗ്രാമത്തിലേക്ക് ഇരച്ചു കയറി വൻ അക്രമം നടത്തിയെന്നും പോലീസ് വിശദമാക്കി.

കുക്കി വിഭാഗത്തിലെ രണ്ടു സ്‌ത്രീകളെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയതിന് പിന്നാലെ നഗ്‌നരാക്കി റോഡിലൂടെ നടത്തുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് രാജ്യത്ത് ജനരോക്ഷം ശക്‌തമാകുന്നത്. മെയ് നാലിന് നടന്ന സംഭവത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. വീഡിയോക്കെതിരെ വലിയ തോതിൽ പ്രതിഷേധം ഉയരുന്നുണ്ട്. തലസ്‌ഥാനമായ ഇംഫാലിൽ നിന്ന് അഞ്ചുകിലോമീറ്റർ അകലെ കാൻഗ്‌പോക്‌പി ജില്ലയിലാണ് സംഭവം നടന്നത്.

നഗ്‌നരായ രണ്ടു സ്‌ത്രീകളെ ആൾക്കൂട്ടം റോഡിലൂടെ ഒരു പാടത്തേക്ക് നടത്തിക്കുന്നതാണ് വീഡിയോയിലുള്ളത്. മെയ് ആദ്യം മെയ്‌തെയ്, കുക്കി വിഭാഗങ്ങൾ തമ്മിൽ ഇവിടെ ഏറ്റുമുട്ടിയിരുന്നു. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങൾക്കെതിരെ നിരവധിപ്പേരാണ് രംഗത്തുവന്നത്. സംഭവത്തിൽ ജനരോക്ഷം ശക്‌തമായതിന് പിന്നാലെയാണ് അറസ്‌റ്റ് നടപടികളിലേക്ക് പോലീസ് കടന്നത്.

അതേസമയം, മണിപ്പൂർ വിഷയം ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്‌റ്റിസ്‌ അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുക. സോമി സ്‌റ്റുഡന്റ്സ് ഫെഡറേഷൻ മണിപ്പൂർ സർക്കാരിനെതിരെയാണ് ഹരജി നൽകിയത്. കുക്കി വിഭാഗത്തിലെ രണ്ടു സ്‌ത്രീകളെ കൂട്ടബലാൽസംഗത്തിന് ഇരയാക്കിയതിന് പിന്നാലെ നഗ്‌നരാക്കി റോഡിലൂടെ നടത്തുന്ന വീഡിയോ പുറത്തുവന്നതിന് പിന്നാലെ സുപ്രീം കോടതി കടുത്ത മുന്നറിയിപ്പുമായി രംഗത്തുവന്നിരുന്നു.

മണിപ്പൂർ സംഘർഷത്തിൽ സ്‌ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളെ കുറിച്ച് അറിയിക്കാനും വേണ്ട നടപടി എടുക്കാനും ചീഫ് ജസ്‌റ്റിസ്‌ ഡിവൈ ചന്ദ്രചൂഡ് കേന്ദ്രത്തിന് നിർദ്ദേശം നൽകി. വിഷയത്തിൽ സർക്കാർ നടപടി എടുത്തില്ലെങ്കിൽ സുപ്രീം കോടതിക്ക് കടുത്ത നടപടി എടുക്കേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

Most Read: അപകീർത്തി കേസ്; അപ്പീൽ സുപ്രീം കോടതി ഇന്ന് പരിഗണിക്കും- രാഹുലിന് നിർണായകം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE