തൃശൂർ: തുടർഭരണത്തിന് എതിരായ കവിയും കേരള സാഹിത്യ അക്കാദമി ചെയർമാനുമായ കെ. സച്ചിദാനന്ദന്റെ വിമർശനത്തിന് പിന്നാലെ അനുനയ നീക്കവുമായി സിപിഎം. തൃശൂർ ജില്ലാ സെക്രട്ടറി കെവി. അബ്‍ദുൾ ഖാദർ വടൂക്കരയിലെ വീട്ടിലെത്തി സച്ചിദാനന്ദനുമായി കൂടിക്കാഴ്‌ച നടത്തി. സാഹിത്യ അക്കാദമി ഉപാധ്യക്ഷൻ അശോകൻ ചരുവിലും ഒപ്പമുണ്ടായിരുന്നു.
കേരളത്തിൽ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഉദ്ദേശിച്ചല്ല താൻ അക്കാര്യം പറഞ്ഞതെന്നാണ് സച്ചിദാനന്ദൻ പറഞ്ഞതെന്നും കേരളത്തിലെ ഇടതു മൂല്യം അറിയാത്ത ആളല്ല അദ്ദേഹമെന്നും കെവി. അബ്‍ദുൾ ഖാദർ മാദ്ധ്യമങ്ങളോട് പറഞ്ഞു. സച്ചിദാനന്ദൻ പാർട്ടി അംഗമല്ല. അദ്ദേഹത്തിന് വിമർശിക്കാൻ അവകാശമുണ്ട് എന്നാണ് ഞങ്ങൾ മനസിലാക്കുന്നത്.
”സച്ചി മാഷുമായുള്ള കൂടിക്കാഴ്‌ച ഊഷ്‌മളമായിരുന്നു. അദ്ദേഹം ഏറ്റവും പ്രിയപ്പെട്ട ആളാണ്. പാർട്ടി ജില്ലാ നേതൃത്വത്തിന് എപ്പോൾ വേണമെങ്കിലും സച്ചി മാഷെ കാണാം. മാദ്ധ്യമ വാർത്തകൾ താൻ ഉദ്ദേശിച്ച തലത്തിലല്ല കൈകാര്യം ചെയ്‌തതെന്ന് അദ്ദേഹം പറഞ്ഞു. സച്ചി മാഷിന്റെ വിശദീകരണത്തിന്റെ അടിസ്‌ഥാനത്തിൽ വിവാദം അടഞ്ഞ അധ്യായമാണെന്നും അബ്‍ദുൾ ഖാദർ പറഞ്ഞു.
അധികാരം പാർട്ടിയെ നശിപ്പിക്കുമെന്നും തുടർച്ചയായ ഭരണമല്ല, മാറിമറിയുള്ള ഭരണമാണ് വേണ്ടതെന്നുമായിരുന്നു കെ. സച്ചിദാനന്ദന്റെ വിമർശനം. പിണറായിയെ മൂന്നാമതും അധികാരത്തിലേറ്റാൻ സിപിഎം നീക്കം നടത്തുമ്പോൾ കമ്യൂണിസ്‌റ്റ് സഹയാത്രികനായ എഴുത്തുകാരന്റെ പ്രസ്‌താവന വിവാദമായി മാറുകയായിരുന്നു.
ബംഗാളിലെ ഉദാഹരണം നമുക്ക് മുന്നിൽ ഉണ്ടെന്നും അവിടെ തുടർച്ചയായി ഭരണം കൈവന്നപ്പോൾ ഒരു വിഭാഗം ആളുകൾ അടച്ചമർത്തപ്പെട്ടുവെന്നും അവർക്ക് നീതി നിഷേധിക്കപ്പെട്ടുവെന്നും സച്ചിദാനന്ദൻ വിമർശിച്ചിരുന്നു. സ്വാർഥരായ ആളുകൾ അധികാരം കൈകാര്യം ചെയ്‌തു. അധികാരം പാർട്ടിയെ നശിപ്പിച്ചതിന്റെ വലിയ ഉദാഹരണമാണ് ബംഗാൾ. തുടർച്ചയായുള്ള ഭരണമല്ല, മാറിമറിയുള്ള ഭരണമാണ് നമുക്ക് ജാഗ്രത ഉണ്ടാക്കുകയെന്നുമാണ് സച്ചിദാനന്ദൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്.
Most Read| എട്ടുമാസത്തെ ചികിൽസ; അർബുദത്തെ തോൽപ്പിച്ചു, പിന്നാലെ പിഎച്ച്ഡി നേടി സൂര്യകല




































