ദുബായ്: ഗൾഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് ആക്രമണം തുടർന്ന് ഇറാൻ. സൗദി അറേബ്യയിലും കുവൈത്തിലും യുഎഇയിലുമായി അഞ്ചുപേർ കൊല്ലപ്പെട്ടു. സൗദിയിലെ അൽ ഖർജ് പട്ടണത്തിൽ മിസൈൽ ഭാഗം വീണ് രണ്ടുപേർ മരിച്ചു. 12 പേർക്ക് പരിക്കേറ്റു. ശുചീകരണ ജോലികൾ ചെയ്യുന്ന കമ്പനിക്കുമേലാണ് മിസൈൽ ഭാഗം വീണത്.
അൽ ഖർജിലെ റഡാർ സംവിധാനം ലക്ഷ്യമിട്ടായിരുന്നു ആക്രമണം. സൗദിയിലുണ്ടായ ഷെല്ലാക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ, ഇന്ത്യക്കാർ ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും പരിക്കേറ്റ ഇന്ത്യൻ പൗരൻ ചികിൽസയിൽ ആണെന്നും എംബസി അറിയിച്ചു.
കുവൈത്തിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്‌ഥരും ദുബായിൽ കാറിന് മുകളിൽ മിസൈൽ ഭാഗങ്ങൾ പതിച്ച് പാക്കിസ്‌ഥാൻ സ്വദേശിയായ ഡ്രൈവറുമാണ് മരിച്ചത്. ബഹ്‌റൈനിലെ കുടിവെള്ള ശുദ്ധീകരണ പ്ളാന്റിന് നേരെയും ആക്രമണം ഉണ്ടായി. കുവൈത്ത് രാജ്യാന്തര വിമാനത്താവളത്തിൽ രണ്ട് ഇന്ധന ടാങ്കുകൾക്ക് തീപിടിച്ചു.
ബഹ്‌റൈനിലെ മുഹാറഖിൽ മിസൈൽ ഭാഗം വീണ് കടകൾ തകർന്നു. സൗദിയിലെ ഷയ്‌ബ എണ്ണപ്പാടവും യുഎസ് നയതന്ത്ര കാര്യാലയവും ലക്ഷ്യമിട്ട ഡ്രോണുകൾ വെടിവച്ചിട്ടു. ഇറാനിൽ ഇസ്രയേൽ ആക്രമണങ്ങളിൽ ടെഹ്‌റാനിലെ എണ്ണസംഭരണ കേന്ദ്രത്തിൽ വൻ തീപിടിത്തമുണ്ടായി. ഇറാനിലെ വ്യവസായ മേഖലയിൽ ആക്രമണം ഇതാദ്യമായാണ്.
ഹിസ്ബുല്ലയെ ലക്ഷ്യമിട്ട് തെക്കൻ ലബനനിൽ പ്രവേശിച്ച ഇസ്രയേൽ സൈന്യത്തിലെ രണ്ടുപേർ കൊല്ലപ്പെട്ടു. യുദ്ധം തുടങ്ങിയ ശേഷം ഇസ്രയേൽ സൈനികർ കൊല്ലപ്പെടുന്നത് ആദ്യമാണ്. യുദ്ധം ഒമ്പത് ദിവസം പിന്നിടുമ്പോൾ ഇതുവരെ ഇറാനിൽ 1332 പേരാണ് കൊല്ലപ്പെട്ടത്. തെക്കൻ ലബനനിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 83 കുട്ടികളടക്കം 394 പേരും കൊല്ലപ്പെട്ടു.
അതിനിടെ, യുഎസ് മുക്കിയ ഇറാൻ കപ്പലിൽ നിന്ന് രക്ഷപ്പെട്ട നാവികർക്ക് ശ്രീലങ്ക ഒരുമാസത്തെ സൗജന്യ വിസ അനുവദിച്ചു. ഒരുമാസം നാവികർക്ക് ശ്രീലങ്കയിൽ തുടരാമെന്ന് മന്ത്രി ആനന്ദ വിജേപാല അറിയിച്ചു. ഞങ്ങൾ ആരുടേയും പക്ഷം പിടിക്കുകയല്ല. പക്ഷേ, രാജ്യാന്തര നിയമങ്ങൾ സംബന്ധിച്ച വിഷയത്തിൽ മനുഷ്യത്വപരമായ നടപടികൾ കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
Most Read| 5000 വർഷത്തിലേറെ പ്രായം, നാല് മീറ്ററിലധികം തടി; ഇതാണ് ‘മുതുമുത്തച്ഛൻ’ മരം









































