പരസ്യ പ്രചാരണം അവസാന ലാപ്പിലേക്ക്; മോദിയും രാഹുലും ഇന്ന് വീണ്ടും കേരളത്തിൽ

കേരളത്തിൽ ആകെയുള്ള 140 നിയമസഭാ മണ്ഡലങ്ങളിലായി 890 സ്‌ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഏപ്രിൽ ഒമ്പതിനാണ് കേരളം പോളിങ് ബൂത്തിലെത്തുന്നത്. മേയ് നാലിന് ഫലമറിയാം.

By Senior Reporter, Malabar News
rahul gandhi and modi
Ajwa Travels

തിരുവനന്തപുരം: കേരളം തിരഞ്ഞെടുപ്പ് ദിനത്തിലേക്ക് അടുക്കുന്നു. പരസ്യ പ്രചാരണം അവസാനിക്കാൻ ഇനി നാലുനാൾ കൂടി മാത്രമാണ് അവശേഷിക്കുന്നത്. അവസാന ലാപ്പിലേക്ക് കടന്ന പ്രചാരണത്തിൽ, മുന്നണികളെല്ലാം തികഞ്ഞ ആത്‌മവിശ്വാസത്തിലാണ്. ഒട്ടുമിക്ക ദേശീയ നേതാക്കളെല്ലാം സ്‌ഥാനാർഥികൾക്ക് ആവേശം പകരാൻ കേരളത്തിൽ എത്തിയെന്നതാണ് ഇത്തവണത്തെ പ്രത്യേകത.

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നും കേരളത്തിൽ എത്തുന്നുണ്ട്. ഇത് രണ്ടാം തവണയാണ് അണികൾക്ക് ആവേശം പകരാൻ മോദി സംസ്‌ഥാനത്ത്‌ എത്തുന്നത്. തിരുവനന്തപുരത്ത് റോഡ് ഷോയിലും തിരുവല്ലയിൽ പൊതുപരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ഉച്ചയ്‌ക്ക് രണ്ടിന് അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തും.

അവിടെ നിന്ന് ഹെലികോപ്‌ടർ മാർഗം അദ്ദേഹം തിരുവല്ലയിലെ പൊതുപരിപാടിയിൽ പങ്കെടുക്കും. ശേഷം തിരുവനന്തപുരത്ത് തിരിച്ചെത്തും. തിരുവനന്തപുരത്ത് കിള്ളിപ്പാലം മുതൽ കരമന വരെയുള്ള ഒന്നര കിലോമീറ്റർ ദൂരമാണ് റോഡ് ഷോ. തിരുവനന്തപുരം സെൻട്രൽ, നേമം മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന റോഡ് ഷോയിൽ തിരുവനന്തപുരം റവന്യൂ ജില്ലയിലെ പ്രവർത്തകർ അണിനിരക്കും.

തിരുവല്ല, ആറൻമുള ചെങ്ങന്നൂർ അടക്കം സമീപത്തെ പ്രധാന പത്ത് നിയമസഭാ മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകർ തിരുവല്ലയിലെ പൊതുപരിപാടിയിൽ പങ്കെടുക്കും. തിരുവല്ല പബ്ളിക് സ്‌റ്റേഡിയത്തിൽ 30,000 പേർ പങ്കെടുക്കുന്ന പരിപാടി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ മുഴുവൻ പ്രവർത്തകർക്കും ആവേശമായി മാറുമെന്ന് ബിജെപി സംസ്‌ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി പറഞ്ഞു.

ഒരാഴ്‌ചയ്‌ക്കിടെ രണ്ടാം തവണയാണ് പ്രധാനമന്ത്രി കേരളത്തിൽ പ്രചാരണത്തിന് എത്തുന്നത്. കഴിഞ്ഞദിവസം പാലക്കാട് നടന്ന പൊതു പരിപാടിയിലും തൃശൂർ നഗരത്തിൽ നടന്ന റോഡ് ഷോയിലും പങ്കെടുത്താണ് അദ്ദേഹം മടങ്ങിയത്. വമ്പൻ വാഗ്‌ദാനങ്ങളുമായി തിരഞ്ഞെടുപ്പ് പ്രകടന പത്രികയും ബിജെപി പുറത്തിറക്കിയിരുന്നു.

അതേസമയം, യുഡിഎഫ് ക്യാമ്പിന് ആവേശം പകരാനായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ന് കേരളത്തിലെത്തും. ആലപ്പുഴ മണ്ഡലത്തിലാണ് ആദ്യ പരിപാടി. രാവിലെ 10.50ന് മുഹമ്മ കാവുങ്കലിൽ പൊതുയോഗത്തിൽ സംസാരിക്കും. 12.30ന് കട്ടപ്പനയിൽ നടക്കുന്ന റാലിയിൽ പങ്കെടുക്കും. തുടർന്ന് ഫോർട്ട് കൊച്ചിയിൽ മുഹമ്മദ് ഷിയാസിന് വേണ്ടിയും കുന്നത്തുനാട് വിപി. സജീന്ദ്രന് വേണ്ടിയും പ്രചാരണ പരിപാടികളിൽ രാഹുൽ പങ്കെടുക്കും.

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തന്റെ സ്വന്തം തട്ടകമായ ധർമ്മടത്താണ് പ്രചാരണം നടത്തുക. എല്ലാ ലോക്കൽ കമ്മിറ്റി പരിധികളിലും മുഖ്യമന്ത്രി പര്യടനം നടത്തും. നാളെയും പര്യടനം തുടരും. രാവിലെ പത്തിന് ആരംഭിച്ച് രാത്രി അവസാനിക്കുന്ന രീതിയിൽ മുഴുവൻ സമയ പ്രചാരണമാണ് ക്രമീകരിച്ചിരിക്കുന്നത്.

കേരളത്തിൽ ആകെയുള്ള 140 നിയമസഭാ മണ്ഡലങ്ങളിലായി 890 സ്‌ഥാനാർഥികളാണ് ജനവിധി തേടുന്നത്. ഏപ്രിൽ ഒമ്പതിനാണ് കേരളം പോളിങ് ബൂത്തിലെത്തുന്നത്. മേയ് നാലിന് ഫലമറിയാം. മൂന്നാം തുടർഭരണം ലക്ഷ്യമിട്ട് സർക്കാരിന്റെ പത്തുവർഷത്തെ ഭരണനേട്ടം പറഞ്ഞ് എൽഡിഎഫും തിരിച്ചുവരവിനൊരുങ്ങി യുഡിഎഫും കേരളത്തിൽ ഒരുമാറ്റം വേണമെന്ന് വാദിച്ച് എൻഡിഎയും കളംനിറയുകയാണ്.

Most Read| 5 വർഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് 15 ലക്ഷം പേർക്ക്; 122 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE