ന്യൂഡെൽഹി: വനിതാ സംവരണ ബിൽ സഭയിൽ അവതരിപ്പിച്ചു. കേന്ദ്രമന്ത്രി അർജുൻ റാം മെഗ്വാളാണ് ബിൽ അവതരിപ്പിക്കുന്നത്. വനിതാ സംവരണ ബില്ലിനും മണ്ഡല പുനർനിർണയത്തിനും കേന്ദ്രഭരണ പ്രദേശങ്ങളിലെ സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിനുമുള്ള മൂന്ന് ചരിത്ര ബില്ലുകൾ പാർലമെന്റിൽ അവതരിപ്പിക്കാൻ അനുമതി ലഭിച്ചിരുന്നു.
വോട്ടെടുപ്പിലൂടെയാണ് ബിൽ അവതരണത്തിന് അനുമതി ലഭിച്ചത്. 333 എംപിമാരിൽ 207 പേർ അനുകൂലിച്ചും 126 പേർ എതിർത്തും വോട്ട് ചെയ്തു. മൂന്ന് ബില്ലിൻമേലും 12 മണിക്കൂർ ചർച്ചയാകാമെന്നും നാളെ വൈകീട്ട് നാലിന് ബില്ലുകളിൽ വോട്ടെടുപ്പ് നടത്താമെന്നും കേന്ദ്രമന്ത്രി കിരൺ റിജ്ജു അറിയിച്ചു. ആവശ്യമെങ്കിൽ ചർച്ച 18 മണിക്കൂർ വരെ നീട്ടാമെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർല വ്യക്തമാക്കി.
അതേസമയം, ബില്ലുകൾ പ്രതിപക്ഷം എതിർക്കുകയാണ്. ബില്ലുകളെ എതിർക്കുകയാണെന്ന് കെസി. വേണുഗോപാൽ സഭയിൽ പറഞ്ഞു. രാജ്യത്തിന്റെ ഫെഡറൽ സംവിധാനത്തെ തകർക്കുന്നതാണ് ഈ ബില്ലുകൾ. ഇതിന് പിന്നിലുള്ള ലക്ഷ്യം എന്താണെന്ന് രാജ്യത്തിന് മുഴുവൻ അറിയാമെന്നും അദ്ദേഹം പറഞ്ഞു.
2023ൽ ലോക്സഭയിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്ന ബിൽ ഇരുസഭകളും പാസാക്കിയിരുന്നു. എന്നാൽ, ഇപ്പോൾ കേന്ദ്രം നടത്തുന്നത് ഭരണഘടനയെ അട്ടിമറിക്കാനുള്ള ശ്രമമാണെന്നും കെസി. വേണുഗോപാൽ പറഞ്ഞു. അതിനിടെ, ബില്ലിലെ സാങ്കേതിക പ്രശ്നമാണ് ഇപ്പോൾ സംസാരിക്കേണ്ടതെന്നും സഭാ ചട്ടങ്ങൾ പാലിക്കണമെന്നും അമിത് ഷാ പറഞ്ഞു.
2029ലെ തിരഞ്ഞെടുപ്പിൽ 33 ശതമാനം സംവരണം നടപ്പാക്കാൻ ലോക്സഭാ സീറ്റുകൾ 850 ആയി വർധിപ്പിക്കുന്നതാണ് ബിൽ. സംസ്ഥാനങ്ങൾക്ക് 815 സീറ്റുകളും കേന്ദ്രഭരണ പ്രദേശങ്ങൾക്ക് 35 സീറ്റുകളും അനുവദിക്കും. പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചാൽ മാത്രമേ ബിൽ പാസാവുകയുള്ളൂ. നിലവിൽ ലോക്സഭയിൽ 543 അംഗങ്ങളാണ് ഉള്ളത്. ഇതിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് 360 പേരുടെ പിന്തുണ വേണം.
Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം





































