കണ്ണൂർ: കേളകം കണിച്ചാറിൽ ലഹരിക്ക് അടിമയായ മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത് വാക്കുതർക്കത്തിന് ഒടുവിലെന്ന് പോലീസ്. ഇന്നലെ രാത്രി പത്തരയോടെ ആയിരുന്നു സംഭവം. താന്നിക്കുന്നിലെ മഠത്തിപ്പറമ്പിൽ തങ്കച്ചന്റെ ഭാര്യ ഗീതമ്മ (50)യെയാണ് മകൻ ക്രിസ്റ്റി (25) കഴുത്തറുത്ത് കൊലപ്പെടുത്തിയത്.
പിന്നാലെ ക്രിസ്റ്റി കേളകം പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയായിരുന്നു. അയൽവാസിക്കൊപ്പം സ്കൂട്ടറിൽ എത്തിയാണ് ഇയാൾ കീഴടങ്ങിയത്. ബെംഗളൂരുവിൽ ബിസിഎ വിദ്യാർഥിയായിരുന്ന ക്രിസ്റ്റി പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് നാട്ടിലെത്തിയത്. ഇയാൾ ലഹരിക്ക് അടിമയായിരുന്നുവെന്ന് പോലീസ് പറയുന്നു.
അമ്മയുമായുള്ള വാക്കുതർക്കത്തിന് ഒടുവിൽ കിടപ്പുമുറിയിൽ വെച്ചാണ് ക്രിസ്റ്റി ഗീതമ്മയെ അക്രമിച്ചത്. ഈ സമയം പിതാവ് തങ്കച്ചൻ വീട്ടിലുണ്ടായിരുന്നില്ല. കൊലയ്ക്ക് ശേഷം സമീപവാസിയായ യുവാവിനെ വിളിച്ചുവരുത്തി അയാളുടെ സ്കൂട്ടറിൽ പോലീസ് സ്റ്റേഷനിലേക്ക് പോവുകയായിരുന്നു. പോലീസെത്തിയാണ് ഗീതമ്മയെ ആശുപത്രിയിലേക്ക് മാറ്റിയത്.
മഹിളാ മോർച്ച ജില്ലാ കമ്മിറ്റിയംഗമാണ് ഗീതമ്മ. കൂടാതെ, കേളകത്തും താന്നിക്കുന്നിലും ബ്യൂട്ടിപാർലറും ടെയ്ലറിങ് ഷോപ്പും നടത്തുന്നുണ്ട്. ക്രിസ്റ്റിയെ കൂടാതെ ഒരു മകൾ കൂടിയുണ്ട്. പേരാവൂർ ഡിവൈഎസ്പി ചന്ദ്രമോഹൻ, കേളകം എസ് എച്ച് ഒ ഇതിഹാസ് താഹ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
Most Read| ആം ആദ്മിയിൽ പൊട്ടിത്തെറി; മൂന്ന് രാജ്യസഭാ എംപിമാർ ബിജെപിയിൽ ചേർന്നു




































