കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ 15 ബൂത്തുകളിൽ റീപോളിങ് തുടങ്ങി. ഏപ്രിൽ 29ന് നിയമസഭയിലേക്ക് നടന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പിൽ വോട്ടിങ് മെഷീനിൽ ടേപ്പ് ഒട്ടിച്ചതടക്കമുള്ള നിരവധി പരാതികൾ ഉയർന്നിരുന്നു. മഗ്രോഹാത് വെസ്‌റ്റിൽ 11 ബൂത്തിലും ഡയമണ്ട് ഹാർബറിൽ നാല് ബൂത്തിലുമാണ് വീണ്ടും വോട്ടെടുപ്പ് നടക്കുന്നത്.
രാവിലെ ഏഴുമുതൽ വൈകീട്ട് ആറുവരെയാണ് വോട്ടെടുപ്പ്. ഇവിഎമ്മിൽ കൃത്രിമം നടന്നുവെന്നായിരുന്നു തൃണമൂൽ കോൺഗ്രസിന്റെ ആരോപണം. ഇതോടെയാണ് ഏപ്രിൽ 29ന് ബൂത്തുകളിൽ നടന്ന വോട്ടെടുപ്പ് അസാധുവാക്കിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്. പിന്നാലെ റീപോളിങ് പ്രഖ്യാപിക്കുകയായിരുന്നു.
രണ്ടുഘട്ടമായാണ് ബംഗാളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത്. ഏപ്രിൽ 23നായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്. രണ്ടാംഘട്ടം ഏപ്രിൽ 29നും. വോട്ടെടുപ്പ് വേളയിൽ വ്യാപക അക്രമം നടന്നിരുന്നു. ബൂത്തുകളിൽ ക്രമക്കേടുകൾ നടന്നതായി ബിജെപി ആരോപിച്ചിരുന്നു. വിവിധ ബൂത്തുകളിൽ തൃണമൂൽ പ്രവർത്തകർ ബിജെപി ചിഹ്‌നത്തിന് നേരെയുള്ള ബട്ടൺ പ്രവർത്തന രഹിതമാക്കിയെന്നും ആരോപണം ഉയർന്നു.
ബിജെപി, സിപിഎം സ്‌ഥാനാർഥികളുടെ നേരെയുള്ള ബട്ടൺ ടേപ്പ് വെച്ച് ഒട്ടിച്ച നിലയിലുള്ള വോട്ടിങ് മെഷീന്റെ ഫോട്ടോ അടക്കം സാമൂഹിക മാദ്ധ്യമങ്ങളിലും പ്രചരിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഒബ്‌സർവർമാരുടെയും റിട്ടേണിങ് ഓഫീസർമാരുടെയും റിപ്പോർട്ടിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ റീപോളിങ്ങിലേക്ക് നീങ്ങിയത്.
അതിനിടെ, രണ്ടാംഘട്ട വോട്ടെടുപ്പിനിടെ 77 ഇവിഎം അട്ടിമറി കേസുകൾ റിപ്പോർട് ചെയ്‌തതായി പശ്‌ചിമ ബംഗാൾ ചീഫ് ഇലക്‌ടറൽ ഓഫീസർ മനോജ് അഗർവാൾ പറഞ്ഞു. 23 പരിതികളിൽ പ്രാഥമികമായി കഴമ്പുണ്ടെന്ന് കണ്ടെത്തിയെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ബംഗാളിലെ വോട്ടെണ്ണൽ കേന്ദ്രങ്ങൾക്ക് മുന്നിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചു. സംഘർഷ സാധ്യത കണക്കിലെടുത്താണ് നടപടി. അഞ്ചുപേരിൽ കൂടുതൽ കൂട്ടംകൂടരുത്. വോട്ടെണ്ണൽ കേന്ദ്രത്തിന്റെ 200 മീറ്റർ ചുറ്റളവിലാണ് നിരോധനാജ്‌ഞ പ്രഖ്യാപിച്ചത്.
Most Read| പുതു ഹൃദയത്തിൻ സ്‌പന്ദനവുമായി അമാന വീണ്ടും അക്ഷരങ്ങളുടെ ലോകത്തേക്ക്






































