തിരുവനന്തപുരം: കേരളത്തിൽ ആര് മുഖ്യമന്ത്രി ആകണമെന്നുള്ള ചർച്ചകൾ സജീവമാക്കി കോൺഗ്രസ് നേതൃത്വം. എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൾ വാസ്‌നിക്കും തിരുവനന്തപുരത്തെത്തി. കെപിസിസി ആസ്‌ഥാനത്ത് നാളെ രാവിലെ 10.30ന് നടക്കുന്ന നിയമസഭാകക്ഷി യോഗത്തിൽ ഇരുവരും പങ്കെടുക്കും.
63 എംഎൽഎമാരും യോഗത്തിൽ പങ്കെടുക്കും. ശേഷം എംഎൽമാരുമായി ഇവർ ഒറ്റയ്‌ക്കൊറ്റയ്‌ക്ക് കൂടിക്കാഴ്‌ച നടത്തി അഭിപ്രായം തേടും. മുതിർന്ന നേതാക്കളുമായും ഘടകകക്ഷി നേതാക്കളുമായും ഇവർ സംസാരിക്കും. ശേഷം ഹൈക്കമാൻഡിന് റിപ്പോർട് നൽകും. റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിൽ ആയിരിക്കും മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് അന്തിമതീരുമാനം എടുക്കുക.
തിരുവനന്തപുരത്തെത്തിയ ഇരുവരും മുതിർന്ന നേതാവ് എകെ. ആന്റണിയുമായി ഇന്ദിരാഭവനിൽ വെച്ച് കൂടിക്കാഴ്‌ച നടത്തിയിരുന്നു. നാളെയായിരിക്കും മറ്റു കൂടിക്കാഴ്‌ചകൾ. എംഎൽഎമാരുടെ പിന്തുണ ഉറപ്പാക്കാനുള്ള തിരക്കിട്ട ചരടുവലികളാണ് അണിയറയിൽ നടക്കുന്നത്.
പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രി ആകുകയെന്നതാണ് സ്വാഭാവിക നടപടിയെങ്കിലും സംഘടനാ ജനറൽ സെക്രട്ടറി കെസി. വേണുഗോപാലും രമേശ് ചെന്നിത്തലയും നടത്തുന്ന ചരടുവലികൾ നേതൃത്വത്തെ കുഴപ്പത്തിലാക്കുന്നുണ്ട്. എല്ലാവരെയും തൃപ്‌തിപ്പെടുത്തിക്കൊണ്ട് ഹൈക്കമാൻഡിന് ഒരു അന്തിമ തീരുമാനം എടുക്കേണ്ടതായി വരും.
ഫ്‌ളക്‌സുകൾ സ്‌ഥാപിച്ചും സാമൂഹിക മാദ്ധ്യമങ്ങളിൽ പോസ്‌റ്റിട്ടും അനുകൂല തരംഗമുണ്ടാക്കാൻ നേതാക്കളുടെ ക്യാമ്പുകൾ ശ്രമിക്കുന്നുണ്ട്. കെസിക്ക് വേണ്ടി പിന്തുണ ഉറപ്പാക്കാനുള്ള പ്രയത്‌നത്തിലാണ് മാത്യു കുഴൽനാടനും എപി. അനിൽകുമാറും. എംഎൽഎമാരിൽ ഭൂരിപക്ഷവും തങ്ങൾക്ക് ഒപ്പമാണെന്നതാണ് കെസി പക്ഷത്തിന്റെ ആത്‌മവിശ്വാസം.
എംഎൽഎമാരിൽ എണ്ണം കുറവ് സതീശൻ ക്യാമ്പിലാണ്. മുഹമ്മദ് ഷിയാസും എൻ. ശക്‌തനും ഉൾപ്പെടെയുള്ളവരാണ് സതീശനുവേണ്ടി പരിശ്രമിക്കുന്നത്. സീനിയോറിറ്റി പരിഗണിക്കപ്പെടുന്ന പക്ഷം കാര്യങ്ങൾ ചെന്നിത്തലയ്‌ക്ക് അനുകൂലമാകുമെന്ന വിശ്വാസത്തിലാണ് അദ്ദേഹത്തെ പിന്തുണയ്‌ക്കുന്നവർ.
Most Read| ഗ്യാസ് ബുക്കിങ് ഇനി അടിമുടി മാറും




































