ചെന്നൈ: തമിഴ്‌നാട്ടിൽ അധികാരമുറപ്പിക്കാൻ രാഷ്‌ട്രീയ ലോകത്തെ ഞെട്ടിക്കുന്ന ചടുലനീക്കങ്ങൾ. ടിവികെ അധികാരത്തിൽ എത്തുന്നത് തടയാൻ ഡിഎംകെയും എഐഎഡിഎംകെയും സഖ്യചർച്ചകൾ ശക്‌തമാക്കിയെന്നാണ് റിപ്പോർട്ടുകൾ.
എതിരാളികളായ അണ്ണാ ഡിഎംകെയുമായി ചേർന്ന് മന്ത്രിസഭ ഉണ്ടാക്കണമെന്ന ആവശ്യം ഡിഎംകെയിൽ ശക്‌തമാണ്. രാഷ്‌ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ നിയുക്‌ത എംഎൽഎമാരോട് ചെന്നൈയിൽ തുടരാൻ ഡിഎംകെ നിർദ്ദേശിച്ചിട്ടുണ്ട്. അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി എംഎൽഎമാരുമായുള്ള ചർച്ചയ്‌ക്കായി പുതുച്ചേരിയിലാണ്.
നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടിവികെയെ ഗവർണർ ക്ഷണിക്കാൻ വൈകുന്നത് ഉപയോഗപ്പെടുത്തേണമെന്ന നിർദ്ദേശമാണ് ഡിഎംകെയിലെ രണ്ടാംനിര നേതാക്കൾ ഉയർത്തുന്നത്. അത് അപ്രായോഗികമാണെന്ന് പാർട്ടി അധ്യക്ഷൻ എംകെ. സ്‌റ്റാലിൻ പറഞ്ഞെങ്കിലും അവർ പിൻമാറിയിട്ടില്ല.
വിജയ് മുഖ്യമന്ത്രിയായാൽ 10-15 വർഷം ദ്രാവിഡ കക്ഷികൾ അധികാരത്തിൽ നിന്ന് പുറത്തുനിൽക്കേണ്ടി വരുമെന്നും അത് ആത്‍മഹത്യാപരം ആയിരിക്കുമെന്നുമാണ് അവരുടെ നിലപാട്. എംകെ. സ്‌റ്റാലിൻ തിരഞ്ഞെടുപ്പിൽ തോറ്റ പശ്‌ചാത്തലത്തിൽ അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിക്ക് മുഖ്യമന്ത്രി സ്‌ഥാനം നൽകാവുന്നതാണെന്ന് അവർ അഭിപ്രായപ്പെട്ടു.
ഡിഎംകെ- അണ്ണാ ഡിഎംകെ സഖ്യ നീക്കത്തെപ്പറ്റി ബുധനാഴ്‌ച തന്നെ അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ, രാവിലെ ഇരുകക്ഷികളുടെയും നേതാക്കൾ അത് നിഷേധിച്ചു. പക്ഷേ, വൈകീട്ടോടെ ഇതുസംബന്ധിച്ച ചർച്ചകൾ വീണ്ടും ഉയർന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡിഎംകെയ്‌ക്ക് 47 സീറ്റും ഡിഎംകെയ്‌ക്ക് 59 സീറ്റുമാണ് ഉള്ളത്. രണ്ടുപേരും കൂടി ചേർന്നാൽ 106 സീറ്റേ ആവൂ.
രണ്ടുമുന്നണിയിലെ ഘടകകക്ഷികൾ കൂടി ചേർന്നാലേ 118 എന്ന ഭൂരിപക്ഷമാകൂ. അവരുടെ നിലപാട് ഇക്കാര്യത്തിൽ നിർണായകമാകും. ടിവികെയ്‌ക്കും കോൺഗ്രസിനും കൂടി 112 സീറ്റുണ്ട്. അതേസമയം, ഡിഎംകെ- അണ്ണാ ഡിഎംകെ സഖ്യമുണ്ടാക്കിയാൽ ടിവികെയുടെ 108 എംഎൽഎമാരെയും രാജിവെപ്പിക്കാനാണ് വിജയ്‌യുടെ തീരുമാനം.
എംകെ. സ്‌റ്റാലിനോ പളനിസ്വാമിയോ സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിച്ചാൽ എല്ലാവരും രാജിവെക്കുമെന്ന് വിജയ് മുന്നറിയിപ്പ് നൽകി. സർക്കാർ രൂപീകരിക്കാൻ ഗവർണർ രാജേന്ദ്ര ആർലേക്കർ അനുമതി നിഷേധിച്ചതിന് പിന്നാലെയാണ് വിജയ്‌യുടെ തീരുമാനം. 118 പേരുടെ പിന്തുണ ഉറപ്പാക്കിയാൽ മാത്രമേ സർക്കാർ രൂപീകരിക്കാൻ അനുമതി നൽകൂവെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഗവർണർ.
Most Read| ഗ്യാസ് ബുക്കിങ് ഇനി അടിമുടി മാറും



































