ചെന്നൈ: തമിഴ്നാട്ടിൽ സർക്കാർ രൂപീകരണത്തിൽ അനിശ്ചിതത്വം തുടരുന്നു. കേവലഭൂരിപക്ഷം തികയ്ക്കാൻ വിജയ്യുടെ ടിവികെ തീവ്രശ്രമം നടത്തുകയാണ്. കോൺഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും പിന്തുണ ലഭിച്ചതോടെ വിജയ്ക്ക് കേവലഭൂരിപക്ഷം ഉറപ്പാക്കാൻ ഒന്നോ രണ്ടോ സീറ്റുകൾ കൂടി വേണം.
രണ്ട് സീറ്റുകളുള്ള തോൽ തിരുമാവളവന്റെ വിസികെയുടെ തീരുമാനത്തിന് അനുസൃതമാണിപ്പോൾ തമിഴ്നാട് രാഷ്ട്രീയം. തീരുമാനം ഇന്ന് വൈകീട്ട് നാലുമണിക്ക് അറിയിക്കുമെന്ന് വിസികെ നേതൃത്വം പറഞ്ഞിട്ടുണ്ട്. അണിയറയിൽ കടുത്ത വിലപേശൽ നടക്കുന്നതായാണ് വിവരം. ഉപമുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ വിജയ് മൽസരിച്ച തിരുച്ചിറപ്പള്ളി ഈസ്റ്റ് സീറ്റ് വിസികെക്ക് വിട്ടുകൊടുക്കാൻ തീരുമാനമായിട്ടുണ്ട്.
എന്നാൽ, പാർട്ടിയുടെ രണ്ട് എംഎൽഎമാർക്ക് മന്ത്രി സ്ഥാനം, പാർട്ടി അധ്യക്ഷൻ തോൽ തിരുമാവളവൻ എംപിക്ക് സ്വാധീനമുള്ള ചിദംബരം സീറ്റ് വിട്ടു നൽകണം എന്നീ ആവശ്യങ്ങളിൽ തീരുമാനം നീളുകയാണ്. വിസികെ ഓഫീസിന് മുന്നിൽ ടിവികെ പ്രവർത്തകർ തടിച്ചുകൂടിയിട്ടുണ്ട്.
കേവല ഭൂരിപക്ഷത്തിന് വേണ്ട 118 പേരുടെ പിന്തുണ തെളിയിക്കുന്ന കത്ത് ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടി മൂന്നാം തവണയും ടിവികെ അധ്യക്ഷൻ വിജയ്യെ ഗവർണർ ഇന്നലെ തിരിച്ചയച്ചിരുന്നു. 120 പേരുടെ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ടെങ്കിലും മുസ്ലിം ലീഗ്, വിസികെ എന്നിവയുടെ പിന്തുണക്കത്ത് ഹാജരാക്കിയിട്ടില്ലെന്ന് ഗവർണർ ചൂണ്ടിക്കാട്ടി.
അഞ്ചുസീറ്റുള്ള കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. രണ്ടുവീതം സീറ്റുകളുള്ള സിപിഎം, സിപിഐ എന്നിവർ പിന്തുണക്കത്ത് കൈമറിയപ്പോൾ ആകെ 116 പേരുടെ പിന്തുണയായി. വിശ്വാസ വോട്ടെടുപ്പ് നടക്കുമ്പോൾ പിന്തുണയ്ക്കാം, കത്ത് നൽകില്ലെന്നാണ് ലീഗ് നിലപാട്. ഇതോടെയാണ് സർക്കാർ രൂപീകരണം വീണ്ടും അനിശ്ചിതത്വത്തിലായത്.
ടിവികെ അധികാരത്തിൽ എത്തുന്നത് തടയാൻ ഡിഎംകെയും എഐഎഡിഎംകെയും സഖ്യചർച്ചകൾ ശക്തമാക്കിയെന്ന തരത്തിൽ റിപ്പോർട്ടുകൾ പറത്തുവന്നിരുന്നു. എതിരാളികളായ അണ്ണാ ഡിഎംകെയുമായി ചേർന്ന് മന്ത്രിസഭ ഉണ്ടാക്കണമെന്ന ആവശ്യം ഡിഎംകെയിൽ ശക്തമായിരുന്നു. പിന്നാലെയാണ് വിജയ് സഖ്യ കക്ഷികളുമായുള്ള ചർച്ച സജീവമാക്കിയത്.
Most Read| കളിയാക്കിയവരെ കൊണ്ട് കൈയ്യടിപ്പിച്ച് ഭൂമിക; ഇന്നവൾ ഫാഷൻ ലോകത്തെ മിന്നും താരം






































