ന്യൂഡെൽഹി: കേരളത്തിലെ മുഖ്യമന്ത്രി ആരെന്നറിയാൻ ഇനിയും കാത്തിരിക്കണം. പ്രഖ്യാപനം ഇന്ന് വേണ്ടെന്നാണ് ഹൈക്കമാൻഡ് തീരുമാനം. മുഖ്യമന്ത്രിയുടെ പേര് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ചേർന്ന് പിന്നീട് പ്രഖ്യാപിക്കും.
അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള ചേരിതിരിഞ്ഞുള്ള പോര് അവസാനിപ്പിക്കാൻ നേതാക്കൾ കർശന നിർദ്ദേശം നൽകി. മുഖ്യമന്ത്രി പദത്തിലേക്ക് മൽസരിക്കുന്ന വിഡി. സതീശൻ, രമേശ് ചെന്നിത്തല, കെസി. വേണുഗോപാൽ എന്നിവരാണ് തങ്ങളുടെ പേരിലുള്ള പ്രകടനങ്ങൾ അവസാനിപ്പിക്കാനും ഫ്ളക്സ് ബോർഡുകൾ എടുത്തുമാറ്റാനും ആവശ്യപ്പെട്ടത്.
നിലവിൽ ഖർഗെയുടെ വസതിയിൽ നടന്ന യോഗം അവസാനിച്ചു. മൂന്നുമണിക്കൂർ നീണ്ട ചർച്ചയാണ് നടന്നത്. തീരുമാനം ഇന്നില്ലെന്നും ഹൈക്കമാൻഡ് അറിയിക്കുമെന്നും കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിയാണ് മാദ്ധ്യമങ്ങളെ അറിയിച്ചത്.
വിഡി. സതീശൻ, രമേശ് ചെന്നിത്തല, കെസി. വേണുഗോപാൽ, സണ്ണി ജോസഫ് എന്നിവരുമായാണ് ദേശീയ നേതാക്കൾ കൂടിക്കാഴ്ച നടത്തിയത്. ദീപാ ദാസ് മുൻഷി, എഐസിസി നിയമിച്ച നിരീക്ഷകരായ അജയ് മാക്കൻ, മുകുൾ വാസ്നിക് തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തിരുന്നു.
വിഭാഗീയത പാടില്ലെന്നും പ്രവർത്തകർ ഒറ്റക്കെട്ടായി നിൽക്കണമെന്നും സതീശനും ചെന്നിത്തലയും വേണുഗോപാലും ആവശ്യപ്പെട്ടു. അതേസമയം, വിഡി. സതീശനും സണ്ണി ജോസഫും ഇന്ന് തന്നെ കേരളത്തിലേക്ക് മടങ്ങുമെന്നാണ് വിവരം. രമേശ് ചെന്നിത്തല നാളെയാകും മടങ്ങുക. കെസി. വേണുഗോപാൽ കുറച്ച് ദിവസങ്ങളായി ഡെൽഹിയിൽ തന്നെ തുടരുകയാണ്.
മേയ് നാലിന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിട്ടും ഇതുവരെ മുഖ്യമന്ത്രിയെ കണ്ടെത്താൻ കോൺഗ്രസ് നേതൃത്വത്തിന് സാധിച്ചിട്ടില്ല. കോൺഗ്രസിനുള്ളിലും പ്രവർത്തകർക്കിടയിലും വോട്ടർമാർക്കിടയിലും ഇതുണ്ടാക്കുന്ന ആശങ്കകൾ ചെറുതല്ല.
Most Read| വിസികെ പിന്തുണ പ്രഖ്യാപിച്ചു; വിജയ്യുടെ സത്യപ്രതിജ്ഞ നാളെ



































