വാഷിങ്ടൻ: ഇറാൻ സമർപ്പിച്ച ഏറ്റവും പുതിയ സമാധാന നിർദ്ദേശങ്ങൾ പൂർണമായും തള്ളി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. നിർദ്ദേശങ്ങൾ ഒട്ടും സ്വീകാര്യമല്ലെന്ന് വിശേഷിപ്പിച്ചാണ് ട്രംപ് തള്ളിയത്. പാക്കിസ്‌ഥാൻ മുഖേന ഇറാൻ സമർപ്പിച്ച മറുപടി താൻ വായിച്ചന്നും ഇതിലെ വ്യവസ്‌ഥകളോട് തനിക്ക് വിയോജിപ്പാണെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ളാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ വ്യക്‌തമാക്കി.
കഴിഞ്ഞ 47 വർഷമായി ഇറാൻ അമേരിക്കയെ കബളിപ്പിക്കുകയാണ്. ഇനിയും അത് അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. ഇറാനെതിരെയുള്ള തുടർ നടപടികളെ കുറിച്ച് ചർച്ച ചെയ്യാൻ ട്രംപ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചു. ചർച്ചകൾക്കുള്ള ഉത്തരവാദിത്തം തനിക്ക് മാത്രമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ചർച്ചകൾ വഴിമുട്ടിയതോടെ പശ്‌ചിമേഷ്യയിൽ നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യം കൂടുതൽ സങ്കീർണമാവുകയാണ്. വിട്ടുവീഴ്‌ചകൾക്ക് തയ്യാറാകാതെ ഇരുപക്ഷവും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നത് ഒരു ശാശ്വത വെടിനിർത്തലിലേക്കുള്ള പാത ദുഷ്‌കരമാക്കുന്നു.
ഉപരോധങ്ങൾ പിൻവലിച്ച് ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഉറപ്പാക്കണം എന്നതടക്കമുള്ള നിർദ്ദേശങ്ങളാണ് ഇറാൻ മുന്നോട്ടു വെച്ചിരുന്നത്. തങ്ങൾക്കെതിരെ ഇനി ആക്രമണം ഉണ്ടാകില്ലെന്ന് അമേരിക്ക രേഖാമൂലം ഉറപ്പ് നൽകിയാൽ യുറേനിയം സമ്പുഷ്‌ടീകരണം നിശ്‌ചിത കാലത്തേക്ക് നിർത്തിവെക്കാമെന്നും 30 ദിവസത്തിനുള്ളിൽ മരവിപ്പിച്ച ആസ്‌തികൾ കൈമാറി ആണവ ചർച്ചകൾ ആരംഭിക്കാമെന്നും ഇറാൻ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
എന്നാൽ, ഈ ഉപാധികൾ ഭരണകാലത്തെ പോലെ ഇറാനെ സഹായിക്കാനേ ഉപകരിക്കൂ എന്ന നിലപാടിലാണ് ട്രംപ്. വരും ദിവസങ്ങളിൽ അമേരിക്ക കൂടുതൽ കർശനമായ നടപടികളിലേക്ക് നീങ്ങിയേക്കുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ഒരു കീഴടങ്ങലോ വിട്ടുവീഴ്‌ചയോ ഉണ്ടാവില്ലെന്ന് ഇറാനും നേരത്തെ വ്യക്‌തമാക്കിയിരുന്നു.
Most Read| ഇത് മധുരപ്രതികാരം; 13ആം വയസിൽ പുറത്താക്കിയ സ്‌കൂളിൽ അധ്യാപികയായി തിരിച്ചെത്തി




































