ന്യൂഡെൽഹി: കേരളത്തിലെ മുഖ്യമന്ത്രി ആരെന്ന പ്രഖ്യാപനം നാളെ. ഇതിന് മുന്നോടിയായി കോൺഗ്രസ് നിയമസഭാകക്ഷി യോഗം വിളിച്ചു. രാവിലെ 11 മണിക്ക് കെപിസിസി ആസ്‌ഥാനമായ ഇന്ദിരാ ഭവനിലായിരിക്കും യോഗം. എല്ലാ എംഎൽഎമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ നിർദ്ദേശം നൽകി.
മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകളെല്ലാം പൂർത്തിയായെന്നും പ്രഖ്യാപനം നാളെ ഉണ്ടാകുമെന്നും എഐസിസി മാദ്ധ്യമ വിഭാഗം ജനറൽ സെക്രട്ടറി ജയറാം രമേശ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. രാഹുൽ ഗാന്ധി- മല്ലികാർജുൻ ഖർഗെ നിർണായക യോഗം പൂർത്തിയായതിന് പിന്നാലെയാണ് ജയറാം രമേശ് ഇക്കാര്യം അറിയിച്ചത്.
അതേസമയം, ഘടകകക്ഷികളുമായി നേതാക്കൾ വീണ്ടും സംസാരിക്കുമെന്നാണ് സൂചന. എകെ. ആന്റണിയുമായും കൊടിക്കുന്നിൽ സുരേഷുമായും ചർച്ചയ്‌ക്കിടെ രാഹുൽ ഗാന്ധി ഫോണിൽ സംസാരിച്ചു. മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് പരിഗണിക്കുന്ന കെസി. വേണുഗോപാൽ, വിഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവരുമായി സംസാരിച്ച ശേഷമാകും നാളെ പ്രഖ്യാപനം.
മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് ഒറ്റപ്പേരിൽ എത്തിയെന്നാണ് സൂചന. കേരളത്തിൽ ഉരുത്തിരിഞ്ഞ പ്രതിഷേധങ്ങൾ തണുപ്പിക്കുന്നതിന്റെ ഭാഗമായാണ് പ്രഖ്യാപനം നീളുന്നത്. മുഖ്യമന്ത്രി സ്‌ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മൂന്ന് നേതാക്കളെയും ഉൾക്കൊണ്ടുള്ള ഫോർമുലയാകും ഹൈക്കമാൻഡ് അവതരിപ്പിക്കുക എന്നാണ് വിവരം.
തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരാഴ്‌ച പിന്നിട്ടിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാൻ കഴിയാത്തതിൽ ഘടകകക്ഷികൾക്കിടയിലും കടുത്ത അതൃപ്‌തി നിലനിൽക്കുന്നുണ്ട്. 15ആം കേരള നിയമസഭയുടെ കാലാവധി അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ എന്നതിനാൽ എത്രയും പെട്ടെന്ന് ഒരു തീരുമാനത്തിൽ എത്തേണ്ടത് അനിവാര്യമാണ്.
Most Read| ഇന്ധനവില വർധന; രാജ്യാന്തര സർവീസുകൾ വെട്ടിച്ചുരുക്കി എയർ ഇന്ത്യ



































