കോഴിക്കോട്: തെളിവുകളുടെയും മൊഴികളുടെയും അടിസ്‌ഥാനത്തിൽ ട്രൂ വിഷന്‍ ന്യൂസ് പ്രസിദ്ധീകരിച്ച വാര്‍ത്തയുമായി ബന്ധപ്പെട്ട അപകീര്‍ത്തി കേസില്‍ കീഴ്‌ക്കോടതി ശിക്ഷിക്കുകയും തുടർന്ന് മേൽക്കോടതിയിൽ അപ്പീൽ പോകാൻ ആവശ്യമായ ജാമ്യം അതേദിവസം ലഭിക്കുകയും ചെയ്‌ത കേസിൽ പ്രസിദ്ധീകരണ സ്‌ഥാപനത്തിന്റെ എഡിറ്ററുടെ ഫോട്ടോ ഉൾപ്പെടുത്തി വാർത്ത നൽകാൻ മനോരമ കാണിച്ച സവിശേഷ തിടുക്കം അപക്വമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓണ്‍ലൈന്‍ മീഡിയ (കോംഇന്ത്യ) പ്രസ്‌താവനയില്‍ വ്യക്‌തമാക്കി.
കോംഇന്ത്യ ജനറല്‍ സെക്രട്ടറിയായ കെകെ ശ്രീജിത്ത് ആണ് ‘ട്രൂ വിഷന്‍ ന്യൂസ്’ എഡിറ്റർ. കേരളത്തിലെ പ്രധാനപ്പെട്ട സ്വതന്ത്ര ഓൺലൈൻ ന്യൂസ് പോർട്ടലുകളുടെ അപ്പക്‌സ് ബോഡി ആയ കോംഇന്ത്യ വിഷയത്തില്‍ ശക്‌തമായ വിമര്‍ശനമാണ് ഉന്നയിച്ചത്. വാർത്തകളുമായി ബന്ധപ്പെട്ട് ജീവിക്കുന്നവർക്ക് എതിരെ ഇത്തരം കേസുകൾ സാധാരണമാണെന്ന കാര്യവും കീഴ്‌ക്കോടതികളിലെ വിധിക്ക് അപ്പീൽ പോകാനുള്ള സംവിധാനം നിലവിലുണ്ടെന്നും വ്യക്‌തമായി അറിയുന്ന മനോരമ, വിധി വന്ന് മണിക്കൂറുകൾക്കുള്ളിൽ മറ്റു അന്വേഷണങ്ങൾ ഇല്ലാതെ സ്‌ഥാപന എഡിറ്ററുടെ ഫോട്ടോ ഉൾപ്പെടുത്തി വാർത്ത നൽകിയത് നിഗൂഢ താൽപര്യത്തിന് പുറത്താണെന്ന് സംശയിക്കുന്നു.
കോഴിക്കോട് നാദാപുരം കല്ലാച്ചിയിലെ ഒരു സൂപ്പര്‍ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട് വന്ന മോഷണ ആരോപണ വാര്‍ത്തയാണ് അപകീര്‍ത്തി കേസായത്. ഇതില്‍ വടകര മജിസ്‌ടേറ്റ് കോടതി ഗൂഢാലോചന കുറ്റം തള്ളി നാല് പ്രതികളെ വെറുതെ വിടുകയും വാര്‍ത്ത നല്‍കിയ സ്‌ഥാപനത്തിന്റെ എഡിറ്ററായ കെകെ ശ്രീജിത്തിനെ ആറ് മാസത്തേക്ക് തടവിന് ശിക്ഷിക്കുകയും ചെയ്‌തെങ്കിലും അപ്പീലിന് പോകാന്‍ കോടതി ഉടന്‍ തന്നെ ജാമ്യം നല്‍കുകയും ചെയ്‌തിരുന്നു.
എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ ശ്രീജിത്തിന്റെ ഫോട്ടോ വച്ച് അപകീര്‍ത്തി കേസില്‍ മലയാള മനോരമ വാര്‍ത്ത നല്‍കുകയായിരുന്നു. വാര്‍ത്തയുമായി ബന്ധപ്പെട്ട് കേസിലെ മറ്റ് പ്രതികളെ വെറുതെ വിട്ടകാര്യവും, ശ്രീജിത്തിന് ജാമ്യം ലഭിച്ച കാര്യവും മനോരമ വാര്‍ത്തയില്‍ നിന്ന് ഒഴിവാക്കിയെന്നും ട്രൂവിഷനും കോംഇന്ത്യയും വിശദീകരിച്ചു.
സ്വന്തം എഡിറ്റര്‍മാര്‍ക്കും, മറ്റ് പത്രങ്ങളിലെ എഡിറ്റര്‍മാര്‍ ഉള്‍പ്പെടെയുള്ള മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും മനോരമ ഉൾപ്പടെയുള്ള നിരവധി മാദ്ധ്യമ സ്‌ഥാപനങ്ങൾക്കും എതിരെ പലപ്പോഴായി വന്ന അപകീര്‍ത്തി കേസുകളിലെ കീഴ്‌ക്കോടതി ശിക്ഷകളിലെ സുപ്രധാന വാർത്തകൾ പോലും പ്രസിദ്ധീകരിക്കാത്ത മനോരമ, ഓണ്‍ലൈന്‍ മാദ്ധ്യമമായ ‘ട്രൂ വിഷന്‍ ന്യൂസ്’ എഡിറ്റർക്കെതിരെയുള്ള കീഴ്‌ക്കോടതി വിധിയിൽ, തിടുക്കപ്പെട്ട് എഡിറ്ററുടെ ഫോട്ടോ ഉൾപ്പെടുത്തി വാർത്ത നല്‍കിയത് മര്യാദ കേടാണെന്ന് കോംഇന്ത്യ ചൂണ്ടിക്കാട്ടി.
വളയത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകനും, കോണ്‍ഗ്രസിന്റെ വാര്‍ഡ് മെമ്പറുമായിരുന്ന ടിഇ നന്ദകുമാര്‍ ആയിരുന്നു പരാതിക്കാരന്‍. നന്ദകുമാറിനെ അപകീര്‍ത്തിപ്പെടുത്താന്‍ വളയത്തെ മറ്റൊരു കോണ്‍ഗ്രസ് നേതാവ് രവീഷ്, ട്രൂവിഷന്‍ പാര്‍ട്‌ണേഴ്‌സുമായി ഗൂഢാലോചന നടത്തി വാര്‍ത്ത നല്‍കിയെന്നായിരുന്നു പരാതി. എന്നാല്‍ ഗൂഢാലോചന കേസ് കോടതി തള്ളി. രവീഷടക്കമുള്ള എല്ലാവരെയും കോടതി വെറുതെ വിടുകയും ചെയ്‌തിരുന്നു.
Most Read| 9400 അക്കൗണ്ടുകൾ നിരോധിച്ചതായി വാട്‌സ് ആപ്പ്






































