ഗ്വാദലഹാരോ: ഫിഫ ലോകകപ്പ് എ ഗ്രൂപ്പ് മൽസരത്തിൽ ചെക്ക് റിപ്പബ്ളിക്കിനെതിരെ തകർപ്പൻ തിരിച്ചുവരവ് നടത്തിയ ദക്ഷിണ കൊറിയ 2-1ന് വിജയിച്ചു. ആദ്യ പകുതിയിൽ ഗോൾ രഹിതമായിരുന്ന മൽസരത്തിന്റെ രണ്ടാം പകുതിയിൽ ഒരു ഗോളിന് പിന്നിൽ പോയ ശേഷമാണ് ദക്ഷിണ കൊറിയ രണ്ട് ഗോളുകൾ തിരിച്ചടിച്ച് വിജയം സ്വന്തമാക്കിയത്.
ജയത്തോടെ ഗ്രൂപ്പ് എയിൽ ആതിഥേയരായ മെക്‌സിക്കോയ്‌ക്കൊപ്പം ദക്ഷിണ കൊറിയയും മൂന്ന് പോയിന്റുകൾ സ്വന്തമാക്കി. തുടക്കം മുതൽ മൽസരത്തിൽ ആധിപത്യം പുലർത്തിയായിരുന്നു ദക്ഷിണ കൊറിയയുടെ പോരാട്ടം. എന്നാൽ, ആദ്യ പകുതി ഗോൾ രഹിതമായി തന്നെ നിന്നു.
രണ്ടാം പകുതിയിൽ ആദ്യം മുന്നിലെത്തിയത് ചെക്ക് റിപ്പബ്ളിക്കായിരുന്നു. വ്ലാദിമിർ സൗഫലിന്റെ ലോങ്ങ് ത്രോയിൽ നിന്ന് നായകൾ ലാഡിസ്ളാവ് ക്രെയ്‌ച്ചിയാണ് ഓപ്പണിങ് ഗോൾ നേടിയത്. എന്നാൽ, 67ആം മിനിറ്റിൽ കൊറിയ ഒരു ഗോൾ മടക്കി. കാങ് ഇൻ ലീയുടെ പാസിൽ ഹ്വാങ് ഇംബിയോമാണ് സമനില ഗോൾ കണ്ടത്തിയത്.
മൽസരം അവസാനിക്കാൻ പത്തുമിനിറ്റ് ബാക്കിനിൽക്കെ ഹ്യോങ് ഗ്യു ഓഹ് വിജയമുറപ്പിച്ച നിർണായക ഗോൾ കണ്ടെത്തി. ഒരു ഗോളും അസിസ്‌റ്റുമായി തിളങ്ങിയ ഹ്വാങ് ഇംബിയോമാണ് കളിയിലെ താരം. ജൂൺ 25ന് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയാണ് കൊറിയയുടെ അടുത്ത മൽസരം. ചെക്ക് റിപ്പബ്ളിക്കിന് മെക്‌സിക്കോയാണ് എതിരാളി.
ദക്ഷിണ കൊറിയയുടെ 12ആം ലോകകപ്പും തുടർച്ചയായ 11ആം ലോകകപ്പുമാണ്. ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും കൂടുതൽ തവണ ലോകകപ്പ് കളിച്ച രാജ്യമാണ് ദക്ഷിണകൊറിയ. അതേസമയം, 20 വർഷത്തെ ഇടവേളക്ക് ശേഷമാണ് ചെക്ക് റിപ്പബ്ളിക്ക് ലോകകപ്പിലേക്ക് മടങ്ങിയെത്തുന്നത്. ഇരു ടീമുകളും ലോകകപ്പിൽ ആദ്യമായാണ് ഏറ്റുമുട്ടുന്നത്. ഇതിന് മുൻപ് നടന്ന മൂന്ന് സൗഹൃദ മൽസരങ്ങളിൽ ഇരു ടീമുകളും ഓരോ ജയം വീതം നേടിയിരുന്നു.
Most Read| 103ആം വയസിലും ചായക്കട നടത്തുന്നു; ഇതാണ് റിയൽ ‘ഇൻഫ്ളുവൻസർ’





































