തിരുവനന്തപുരം: കെഎസ്ആർടിസിയിൽ സ്‌ത്രീകൾക്ക് പ്രഖ്യാപിച്ച സൗജന്യ യാത്രാ പദ്ധതിയായ ‘പ്രിയദർശിനി’ ഇന്ന് മുതൽ. യുഡിഎഫ് സർക്കാരിന്റെ ഇന്ദിരാ ഗ്യാരണ്ടികളിൽ ഒന്നായ പദ്ധതിയുടെ ഉൽഘാടനം രാവിലെ 8.30ന് തമ്പാനൂരിൽ മുഖ്യമന്ത്രി വിഡി. സതീശൻ നിർവഹിക്കും.
ഗതാഗതമന്ത്രി സിപി. ജോൺ അധ്യക്ഷത വഹിക്കും. ഉൽഘാടനശേഷം മുഖ്യമന്ത്രി മന്ത്രിമാരും ജനപ്രതിനിധികളും സ്‌ത്രീകൾക്കൊപ്പം ബസിൽ യാത്ര ചെയ്യും. തമ്പാനൂർ സെൻട്രൽ ബസ് സ്‌റ്റേഷനിൽ നിന്ന് സെക്രട്ടറിയേറ്റ് വരെയാണ് യാത്ര. സംസ്‌ഥാനത്തെ എല്ലാ ഡിപ്പോകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രാദേശികതല ഉൽഘാടനങ്ങളും നടക്കും.
ആദ്യഘത്തിൽ 3125 ഓർഡിനറി ബസുകളിലാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ഭാഗമായി ഉൽഘാടനത്തിന് ശേഷം രാവിലെ ഒമ്പതുമണിമുതൽ സ്‌ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്‌സിനും ഓർഡിനറി ബസുകളിൽ സീറോ ടിക്കറ്റ് ലഭ്യമായി തുടങ്ങും. സൗജന്യമുള്ള ഓർഡിനറി ബസുകൾ തിരിച്ചറിയാനായി ബസുകളിലൂടെ പുറത്ത് പ്രിയദർശിനി സ്‌റ്റിക്കർ പതിച്ചിട്ടുണ്ട്.
വരുമാനമോ പ്രായമോ പരിഗണിക്കാതെയും പ്രത്യേക നിബന്ധനകളും ഒന്നുംതന്നെ ഇല്ലാതെയുമാണ് സ്‌ത്രീകൾക്ക് സൗജന്യ യാത്രാസൗകര്യം ലഭ്യമാക്കുന്നത്. ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്‌റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്‌റ്റേജ് ഓർഡിനറി, പോയിന്റ് ടു പോയിന്റ് ഓർഡിനറി, ഗ്രാമവണ്ടി എന്നീ ഏഴ് വിഭാഗങ്ങളിലെ വാഹനങ്ങളിലാണ് സൗജന്യ യാത്ര.
ഉൽഘാടനം ബഹിഷ്‌കരിക്കുമെന്ന് സിപിഎം
പ്രിയദർശിനി പദ്ധതിയുടെ ഉൽഘാടനം ബഹിഷ്‌കരിക്കുമെന്ന് സിപിഎം. പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ മുഴുവൻ എംഎൽഎമാർക്കും പാർട്ടി നിർദ്ദേശം നൽകി. സൗജന്യ യാത്ര സംബന്ധിച്ച് യുഡിഎഫ് പറഞ്ഞതല്ല നടപ്പാക്കുന്നതെന്നും ആളെ പറ്റിക്കുന്ന നിലപാടാണെന്നും സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി. ഗോവിന്ദൻ പറഞ്ഞു.
Most Read| റോഡിൽ വീണ മാങ്ങ എടുക്കല്ലേ, പിടിവീഴും! ഇന്ത്യക്കാരിയുടെ വീഡിയോ വൈറലാകുന്നു




































