കോഴിക്കോട്: ആംബുലൻസ് അടക്കമുള്ള വാഹനങ്ങളിൽ ഇടിച്ചിട്ട് നിർത്താതെ പോയ കാപ്പാ കേസ് പ്രതിയെ നാട്ടുകാർ വളഞ്ഞിട്ട് മർദ്ദിച്ചു. കോഴിക്കോട് കുറ്റ്യാടി നീലേച്ചുകുന്നിൽ ഇന്നലെ വൈകീട്ടാണ് സംഭവം. മന്താട്ടിൽ അജ്‌മലിനെയാണ് ആൾക്കൂട്ടം തടഞ്ഞുവെച്ച് മർദ്ദിക്കുകയും വിചാരണ നടത്തുകയും ചെയ്‌തത്. അജ്‌മലിനൊപ്പം ഒരു യുവതിയും ഉണ്ടായിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്‌ച കക്കട്ടിൽ വെച്ച് അജ്‌മലും സുഹൃത്തായ യുവതിയും സഞ്ചരിച്ച കാർ ഓട്ടോറിക്ഷയിൽ ഇടിച്ച് നിർത്താതെ പോയിരുന്നു. സംഭവത്തിൽ ഓട്ടോയിൽ ഉണ്ടായിരുന്നവർ പോലീസിൽ പരാതി നൽകുകയും ചെയ്‌തിരുന്നു. ഇന്നലെ ഈ കാർ കണ്ടെത്തുകയും പോലീസ് പിന്തുടർന്ന് പിടികൂടാൻ ശ്രമിക്കുകയും ചെയ്‌തു.
പോലീസ് പിന്തുടരുന്നത് അറിഞ്ഞ് അമിതവേഗത്തിൽ അജ്‌മൽ കാർ ഓടിച്ചു പോകുന്നതിനിടെ ആംബുലൻസ് ഉൾപ്പടെ മൂന്ന് വാഹനങ്ങളിൽ ഇടിക്കുകയും ചെയ്‌തു. എന്നിട്ടും നിർത്താതെ പോയ കാർ നീലേച്ചുകുന്നിൽ എത്തിയപ്പോഴാണ് നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടിയത്.
തുടർന്ന് കാറിൽ നിന്ന് പിടിച്ചിറക്കിയ നാട്ടുകാർ യുവാവിനെ മർദ്ദിക്കുകയായിരുന്നു. പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു മർദ്ദനം. ഇവരുടെ കൈയിൽ മയക്കുമരുന്ന് ഉണ്ടായിരുന്നതായി നാട്ടുകാർ ആരോപിച്ചു. എന്നാൽ, വാഹനത്തിൽ നിന്ന് ലഹരിമരുന്ന് കണ്ടെത്താനായില്ലെന്ന് പോലീസ് അറിയിച്ചു. അടിപിടി കേസും മയക്കുമരുന്ന് കച്ചവടവും അടക്കം നിരവധി കേസുകളിൽ പ്രതിയായ അജ്‌മലിനെ പോലീസ് കാപ്പ ചുമത്തി നാടുകടത്തിയിരുന്നു.
Most Read| സർക്കാരിന് തിരിച്ചടി; ഡോ. കെജെ. റീനയെ സ്‌ഥലം മാറ്റിയ ഉത്തരവിന് സ്‌റ്റേ



































