ജനീവ: ധാരണാപത്രത്തിൽ ഒപ്പുവെച്ചതിന് പിന്നാലെ ഇറാൻ- യുഎസ് ചർച്ചകൾക്ക് ഇന്ന് ജനീവയിൽ തുടക്കം. നാവിക ഉപരോധത്തിൽ ഇളവ് വന്നതോടെ ഹോർമുസിലൂടെ ഇറാൻ കപ്പലുകൾ കടത്തിവിടാൻ തുടങ്ങി.
അതേസമയം, നേരിട്ട് ചർച്ചക്ക് തയ്യാറാവുന്നു എന്നതുകൊണ്ട് യുഎസിന്റെ എല്ലാ ഉപാധികളും അംഗീകരിക്കുന്നുവെന്ന് അർഥമില്ലെന്ന് ഇറാന്റെ പരമോന്നത ആത്‌മീയ നേതാവ് മുജ്‌തബ ഖാംനഈ പറഞ്ഞു.
രാജ്യത്തിന്റെ താൽപര്യം അടിയറവെക്കുന്ന ഒരു നിബന്ധനയും അംഗീകരിക്കില്ലെന്നും മുജ്‌തബ ഖാംനഈ പറഞ്ഞു. പ്രതികൂല സാഹചര്യങ്ങൾ നിലവിൽ ഉണ്ടെങ്കിലും ഹോർമുസിൽ കപ്പൽ ഗതാഗതം സുഗമമായി മുന്നോട്ട് പോകുന്നുണ്ട്.
ആദ്യത്തെ രണ്ടുമാസം കപ്പലുകൾക്ക് യാതൊരു ഫീസും ഈടാക്കില്ലെന്ന വ്യവസ്‌ഥ തങ്ങൾ പാലിക്കുമെന്ന് ഇറാൻ വ്യക്‌തമാക്കി. രണ്ടുമാസത്തിന് ശേഷം ഒമാനുമായി ചേർന്ന് നിശ്‌ചിത ഫീസ് ഈടാക്കും.
സമാധാന ചർച്ചയുടെ പ്രാരംഭഘട്ടത്തിനായി യുഎസ്, ഇറാൻ പ്രതിനിധികൾക്ക് പുറമെ മധ്യസ്‌ഥരായ ഖത്തർ, പാക്കിസ്‌ഥാൻ തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുക്കും.
ഫ്രാൻസിൽ നടക്കുന്ന ജി7 ഉച്ചകോടിക്ക് ശേഷം ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോയുമായി വേഴ്‌സായ് കൊട്ടാരത്തിൽ നടന്ന അത്താഴവിരുന്നിലാണ് ഇറാൻ പ്രസിഡണ്ട് മസൂദ് പെസെഷ്‌കിയാനും ട്രംപും ധാരണാപത്രത്തിൽ ഔദ്യോഗികമായി ഒപ്പുവെച്ചത്. തിങ്കളാഴ്‌ചയാണ് യുഎസും ഇറാനും ഇടക്കാല സമാധാന കരാറിൽ ഓൺലൈനായി ഒപ്പിട്ടത്.
Most Read| ‘ലവൻ പുലിയാണ് കേട്ടോ’; ആക്രമിക്കാൻ വന്ന പുലിയെ കഴുത്തിന് പിടിച്ച് രക്ഷനേടി 13-കാരൻ



































