കോഴിക്കോട്: ഊരാളുങ്കൽ ലേബർ കോൺട്രാക്‌ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി (യുഎൽസിസിഎസ്) ചെയർമാൻ രമേശൻ പാലേരി (66) അന്തരിച്ചു. അർബുദ ബാധിതനായി കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലിരിക്കെ ചൊവ്വാഴ്‌ച രാവിലെ എട്ടരയോടെ ആയിരുന്നു അന്ത്യം.
ഉച്ചയ്‌ക്ക് രണ്ടിന് ഊരാളുങ്കൽ സൈബർ പാർക്കിൽ പൊതുദർശനത്തിന് ശേഷം വടകരയിലേക്ക് കൊണ്ടുപോകും. മൂന്നര പതിറ്റാണ്ടിലേറെയായി ഏഷ്യയിലെ ഏറ്റവും വലിയ ലേബർ കൂട്ടായ്‌മയായ ഊരാളുങ്കൽ സൊസൈറ്റിയുടെ നേതൃനിരയിലുള്ള വ്യക്‌തിയായിരുന്നു അദ്ദേഹം.
1995 മുതലാണ് ഊരാളുങ്കൽ ചെയർമാൻ സ്‌ഥാനത്തേക്ക് രമേശൻ പാലേരി എത്തിയത്. 32 വർഷം സൊസൈറ്റിയെ നയിച്ച പാലേരി കണാരന്റെ മകനാണ്. സൊസൈറ്റിയുടെ രണ്ടാമത്തെ പ്രസിഡണ്ട് പാലേരി ചന്തമ്മൻ മുത്തച്ഛനായിരുന്നു. കേരളത്തിലെ സഹകരണ പ്രസ്‌ഥാനത്തിന്റെ അഭിമാനമായ ഊരാളുങ്കൽ സൊസൈറ്റിയുടെ ചെയർമാനായി മികച്ച രീതിയിൽ സ്‌ഥാപനത്തെ നയിക്കുന്നതിനിടെയാണ് വേർപാട്.
Most Read| കേരളത്തിൽ വ്യാപകമായി ലോൺ ആപ്പ് തട്ടിപ്പ് സംഘം; 18 ഉത്തരേന്ത്യക്കാർ പിടിയിൽ


































