വാഷിങ്ടൻ: ഇറാനെതിരെ ശക്‌തമായ ആക്രമണത്തിന് അമേരിക്ക തയ്യാറെടുക്കുന്നതായി യുഎസ് മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു. യുഎസിന്റെ ഈ സൈനിക നീക്കത്തിൽ ഇസ്രയേലും പങ്കാളിയാകാൻ സാധ്യതയുണ്ടെന്നാണ് വിവരം.
ഇറാന്റെ ഊർജ ഇൻഫ്രാസ്‌ട്രക്‌ചറുകൾ ലക്ഷ്യമിട്ടാണ് അമേരിക്ക ആക്രമണം ആസൂത്രണം ചെയ്യുന്നതെന്നാണ് റിപ്പോർട്ടുകൾ. ഈ ആക്രമണങ്ങൾ ദിവസങ്ങൾ നീണ്ടുനിന്നേക്കും. യുഎസ് മുന്നോട്ടുവെക്കുന്ന വെടിനിർത്തൽ വ്യവസ്‌ഥകൾ അംഗീകരിക്കാൻ ഇറാനുമേൽ സമ്മർദ്ദം ചെലുത്തുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം.
കഴിഞ്ഞദിവസം ക്യാമ്പ് ഡേവിഡ് പ്രസിഡൻഷ്യൽ റിട്രീറ്റിൽ ട്രംപിന്റെ നേതൃത്വത്തിൽ നടന്ന കാബിനറ്റ് യോഗത്തിൽ ഈ പദ്ധതി ചർച്ച ചെയ്‌തു. ആക്രമണത്തിനുള്ള പ്രാഥമിക സൈനിക തയ്യാറെടുപ്പുകൾക്ക് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും അന്തിമ അനുമതി ഇതുവരെ നൽകിയിട്ടില്ല.
പെട്രോളിയം റിഫൈനറികൾ, വൈദ്യുത ഉൽപ്പാദന കേന്ദ്രങ്ങൾ, പ്രധാന നഗരങ്ങളിലേക്കുള്ള വൈദ്യുതി വിതരണം തകരാറിലാക്കാനായി ഇലക്‌ട്രിക്കൽ ഗ്രിഡുകൾ എന്നിവ അക്രമിക്കാനാണ് പദ്ധതി. ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു അടുത്തിടെ വാഷിങ്‌ടണിൽ വെച്ച് ട്രംപുംമായും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തുമായും കൂടിക്കാഴ്‌ച നടത്തിയിരുന്നു.
ഒരിടവേളയ്‌ക്ക് ശേഷമാണ് ഇസ്രയേൽ വീണ്ടും ഇറാനുമായി നേരിട്ടുള്ള യുദ്ധത്തിൽ പങ്കാളികളാകുന്നത്. അതേസമയം, തങ്ങളുടെ ഊർജ മേഖലയ്‌ക്ക് നേരെ ആക്രമണം ഉണ്ടായാൽ, മേഖലയിലെ അമേരിക്കൻ-ഇസ്രയേൽ ഊർജ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ശക്‌തമായ തിരിച്ചടി നൽകാൻ സമഗ്രമായ പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് ഇറാന്റെ സുരക്ഷാ ഉദ്യോഗസ്‌ഥർ അവരുടെ വാർത്താ ഏജൻസികൾ വഴി വ്യക്‌തമാക്കിയിട്ടുണ്ട്.
Most Read| രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില കുറച്ചു



































