വാഷിങ്ടൻ: പശ്‌ചിമേഷ്യൻ പ്രതിസന്ധി തുടരുന്നതിനിടെ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് ഗൾഫ് രാജ്യങ്ങളുമായി കൂടിക്കാഴ്‌ച നടത്തും. ചൊവ്വാഴ്‌ച നടക്കുന്ന ഐക്യരാഷ്‌ട്രസഭ പൊതുയോഗത്തിനിടെ ട്രംപും ജിസിസി ഭരണാധികാരികളും തമ്മിൽ ചർച്ച നടക്കുമെന്ന് യുഎസ് മാദ്ധ്യമമായ ആക്‌സിസ് റിപ്പോർട് ചെയ്‌തു.
സൗദി അറേബ്യ, യുഎഇ, ബഹ്‌റൈൻ, ഖത്തർ, ഒമാൻ, കുവൈത്ത് എന്നീ രാജ്യങ്ങളിലെ ഭരണാധികാരികളോ വിദേശകാര്യ മന്ത്രിമാരോ യോഗത്തിൽ പങ്കെടുക്കും. ഇതോടൊപ്പം മറ്റ് അറബ് രാജ്യങ്ങളിലെ പ്രതിനിധികളും പങ്കെടുക്കുമെന്നാണ് സൂചന. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കൽ, യുദ്ധത്തിന് ശേഷമുള്ള നടപടികൾ എന്നിവ അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുകയാണ് ലക്ഷ്യം.
ഇറാനും ഹോർമുസിനൊപ്പം യെമൻ സംഘർഷവും ബാബ് അൽ മന്ദബ് കടലിടുക്കിലെ പ്രശ്‌നങ്ങളും ചർച്ചയാകും. ഒരുവർഷം മുൻപ് സമാന രീതിയിൽ അമേരിക്കയും അറബ്-ജിസിസി രാജ്യങ്ങൾ യോഗം ചേർന്നിരുന്നു. ഗാസ സംഘർഷവുമായി ബന്ധപ്പെട്ട യോഗത്തിലാണ് അന്ന് വെടിനിർത്തൽ ധാരണയിലേക്ക് കാര്യങ്ങൾ എത്തിയത്. അന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവും യോഗത്തിൽ പങ്കെടുത്തിരുന്നു.
ഇറാൻ യുദ്ധം എത്രയുംവേഗം അവസാനിക്കുമെന്നും നയതന്ത്ര പരിഹാര ശ്രമങ്ങൾ മുന്നോട്ടുപോകുന്നതായും ട്രംപ് വ്യക്‌തമാക്കി. ഇറാനുമായി മധ്യസ്‌ഥർ മുഖേനയല്ലാതെ നേരിട്ടുള്ള ചർച്ച നടത്തുന്നതിനായുള്ള സൂചനയും ട്രംപ് പങ്കുവെച്ചിട്ടുണ്ട്. കാര്യമായ സംഘർഷ സാഹചര്യം രണ്ട് ദിവസമായി ഇല്ലെങ്കിലും ഹോർമുസ് കടലിടുക്ക് ഇപ്പോഴും അടഞ്ഞുകിടക്കുന്നതിന് പ്രതിസന്ധിയാണ്.
കഴിഞ്ഞ തിങ്കളാഴ്‌ച ഒമാനിലെ സലാലയിൽ ജിസിസി രാജ്യങ്ങളുടെയും ഇറാന്റെയും ഇറാഖിന്റെയും വിദേശകാര്യ മന്ത്രിമാരുടെയും ചർച്ച തീരുമാനിച്ചിരുന്നെങ്കിലും അവസാന നിമിഷം റദ്ദാക്കിയിരുന്നു. ഹോർമുസ് തുറക്കൽ അടക്കം കടലിടുക്കിൽ ഇറാനും ഒമാനും എത്തിയ ധാരണ ചർച്ച ചെയ്യുകയായിരുന്നു പ്രധാന ലക്ഷ്യം. എന്നാൽ, വ്യക്‌തമായ കാരണങ്ങൾ പറയാതെ യോഗം റദ്ദാക്കുകയായിരുന്നു.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം





































