ന്യൂഡെൽഹി: ഐസ പ്രസിഡണ്ട് നേഹ ബോറയുടെ ഹരജി ഡെൽഹി ഹൈക്കോടതി തള്ളി. ക്രമസമാധാനം പാലിക്കുന്നതിനായി (പീസ് ബോണ്ട്) 10,000 രൂപയുടെ വ്യക്തിഗത ബോണ്ടും ജാമ്യക്കാരനെയും ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഡെൽഹി പോലീസ് അയച്ച നോട്ടീസിനെതിരെയാണ് നേഹ കോടതിയെ സമീപിച്ചത്.
ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദിന്റെ ബെഞ്ചാണ് നേഹയുടെ റിട്ട് ഹരജി തള്ളിയത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഈമാസം 16ന് മാണ്ഡി ഹൗസിൽ നടന്ന പ്രതിഷേധത്തിനിടെ നേഹ ബോറയെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു.
തുടർന്ന് അന്വേഷണ കാലയളവിൽ സമാധാനം നിലനിർത്തുന്നതിനായി 10,000 രൂപയുടെ ബോണ്ട് സമർപ്പിക്കാൻ ഡെൽഹി സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഇവരോട് ആവശ്യപ്പെടുകയായിരുന്നു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സെക്ഷൻ 126, 130, 135(3) എന്നിവ പ്രകാരമാണ് ഈ നടപടി സ്വീകരിച്ചത്. ഈ നടപടിയെ ചോദ്യം ചെയ്താണ് നേഹ ബോറ ഹൈക്കോടതിയെ സമീപിച്ചത്.
ഹരജി തള്ളിയെങ്കിലും അന്വേഷണ നടപടികളിൽ ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ മജിസ്ട്രേറ്റിന് കോടതി നിർദ്ദേശം നൽകി. കേസിനാസ്പദമായ എല്ലാ വിവരങ്ങളും രേഖകളും ഹരജിക്കാരിക്ക് നൽകണമെന്നും നടപടിക്രമങ്ങളിൽ കൃത്യത പാലിക്കണമെന്നും നിർദ്ദേശിച്ചുകൊണ്ടാണ് കോടതി ഹരജി തള്ളിയത്.
Most Read| സമാധാന നൊബേൽ സമ്മാനം ഇന്ത്യൻ വംശജയായ നവനീതം നവി പിള്ളയ്ക്ക്




































