കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഇന്നത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഒൻപതര മണിക്കൂറാണ് ഇന്ന് ദിലീപിനെ ചോദ്യം ചെയ്‌തത്. കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെയും ദിലീപിനെയും ഒരുമിച്ചിരുത്തി നാലുമണിക്കൂർ ചോദ്യം ചെയ്‌തു. ഇരുവരും അന്വേഷണസംഘത്തിന് നല്‍കുന്ന ഉത്തരങ്ങള്‍ വീഡിയോ ക്യാമറയില്‍ റെക്കോര്‍ഡ് ചെയ്‌തിട്ടുണ്ട്.
ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യൽ. ദിലീപ് ചോദ്യം ചെയ്യലിന് ശേഷം ആലുവ പോലീസ് ക്‌ളബ്ബിൽ നിന്ന് മടങ്ങി. കേസുമായി ബന്ധപ്പെട്ട് ഇന്നലെ രാവിലെ 11.30 മുതല്‍ വൈകിട്ട് ആറര വരെ ദിലീപിനെ ചോദ്യം ചെയ്‌തിരുന്നു. ഇന്നലെ ദിലീപിനെ ചോദ്യം ചെയ്‌തതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പൂര്‍ണമായും കണ്ടതിന് ശേഷമാണ് ഇന്നത്തെ ചോദ്യം ചെയ്യല്‍ നടന്നത്.
കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും ബാലചന്ദ്രകുമാറിന്റെ മൊഴിയെ കുറിച്ച് തനിക്ക് അറിയില്ലെന്നുമാണ് ദിലീപ് ക്രൈം ബ്രാഞ്ചിനോട് പറഞ്ഞത്. നടിയെ അക്രമിച്ച ദൃശ്യങ്ങള്‍ താന്‍ കണ്ടിട്ടില്ലെന്ന് ദിലീപ് വാദിച്ചിരുന്നു. പല ചോദ്യങ്ങള്‍ക്കും ഉത്തരമില്ലാതിരുന്ന ദിലീപ് കരഞ്ഞുകൊണ്ടാണ് പ്രതികരിച്ചതെന്നാണ് അന്വേഷണസംഘം നല്‍കുന്ന വിവരം. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകളും കൈമാറിയ വീഡിയോ തെളിവുകളും ഉള്‍പ്പെടുത്തി വിശദമായ ചോദ്യാവലിയാണ് ക്രൈംബ്രാഞ്ച് തയ്യാറാക്കിയത്.
വ്യവസായി ശരത്തിനെയും അന്വേഷണ സംഘം ചോദ്യം ചെയ്‌തു. നടിയെ ആക്രമിച്ചു പകർത്തിയ ദൃശ്യങ്ങൾ തന്റെ കൈവശമില്ലെന്ന് ദിലീപ് ആവർത്തിക്കുന്നുണ്ടെങ്കിലും ഇത് അന്വേഷണ സംഘം വിശ്വാസത്തിൽ എടുത്തിട്ടില്ല.
നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യം 2018 നവംബർ 15ന് ആലുവയിലെ വീട്ടിൽ വെച്ച് ദിലീപിനൊപ്പം കണ്ടെന്നാണ് സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി. ഒരു വിഐപിയാണ് ദൃശ്യങ്ങൾ ദിലീപിന് വീട്ടിലെത്തിച്ച് നൽകിയതെന്നും ബാലചന്ദ്രകുമാറിന്റെ മൊഴിയിലുണ്ട്. ഈ വിഐപി വ്യവസായി ശരത്താണെന്ന നിഗമനത്തലാണ് ക്രൈംബ്രാഞ്ച്.
കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് ശരത്തിനെ ചോദ്യം ചെയ്‌തത്. എന്നാൽ വധ ഗൂഢാലോചന കേസിലാണ് ശരത്തിനെ ചോദ്യം ചെയ്യുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ ഔദ്യോഗിക വിശദീകരണം. ഈ കേസിൽ ആറാം പ്രതിയാണ് ശരത്ത്. ചോദ്യം ചെയ്യൽ പൂർത്തിയായെങ്കിലും ദിലീപ് അടക്കമുള്ള പ്രതികളെ ആവശ്യമെങ്കിൽ വീണ്ടും വിളിപ്പിക്കുമെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചിട്ടുണ്ട്.
Most Read: മുസ്‌ലിം ഭരണാധികാരികളെ കുറിച്ചുള്ള പാഠഭാഗങ്ങൾ വെട്ടിച്ചുരുക്കാൻ ഒരുങ്ങി കർണാടക