ഇന്ത്യ കൈവരിച്ച നേട്ടങ്ങളിൽ എല്ലാ സര്‍ക്കാരുകളും സംഭാവന നൽകിയിട്ടുണ്ട്; നരേന്ദ്ര മോദി

By News Desk, Malabar News
sangrahalaya inaguration
Representational Image
Ajwa Travels

ന്യൂഡെൽഹി: ജനാധിപത്യത്തിന്റെ ലക്ഷ്യ പൂര്‍ത്തീകരണത്തിന് സ്വാതന്ത്ര്യത്തിന് ശേഷം നിലവിൽവന്ന എല്ലാ സർക്കാരുകളും പ്രധാനമന്ത്രിമാരും മഹത്തായ സംഭാവനകള്‍ നല്‍കിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ ഓരോ പ്രധാനമന്ത്രിമാരെ കുറിച്ചും ഓർക്കുക എന്നാൽ സ്വതന്ത്ര ഇന്ത്യയുടെ യാത്രയെ കുറിച്ച് അറിയുക എന്നാണ് അർഥമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഡെൽഹിയിൽ രാജ്യത്തെ 14 പ്രധാനമന്ത്രിമാരുടെ ജീവിതവും സംഭാവനകളും വിശദമാക്കുന്ന ‘സംഗ്രഹാലയ’ (പ്രധാനമന്ത്രിമാരുടെ മ്യൂസിയം) ഉൽഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരിക്കുന്നു അദ്ദേഹം.

പ്രത്യയശാസ്‌ത്രമോ അധികാര കാലാവധിയോ പരിഗണിക്കാതെ എല്ലാ പ്രധാനമന്ത്രിമാരെക്കുറിച്ചും അവരുടെ സംഭാവനകളെ കുറിച്ചും വിവിധ വെല്ലുവിളികളിലൂടെ ഇന്ത്യൻ പ്രധാനമന്ത്രിമാർ എങ്ങനെയാണ് രാജ്യത്തെ നയിച്ചത് എന്നതിനെ കുറിച്ചുമുള്ള വിവരണങ്ങൾ മ്യൂസിയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു മുതൽ മൻമോഹൻ സിംഗ് വരെയുള്ളവരുടെ ജീവചരിത്രം, സംഭാവനകൾ, എന്നിവയ്‌ക്കൊപ്പം സ്വതന്ത്ര ഇന്ത്യയുടെ ചരിത്രവും മ്യൂസിയത്തിലുണ്ട്.

നെഹ്‌റുവിന്റെ ജീവിതത്തെയും സംഭാവനകളെയും വിശദമായി എടുത്ത് കാട്ടുന്ന പഴയ നെഹ്‌റു മ്യൂസിയവും ഇവിടെ ഉൾപ്പെടുത്തിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അദ്ദേഹത്തിന് ലഭിച്ചതും ഇതുവരെ എവിടെയും പ്രദർശിപ്പിച്ചിട്ടില്ലാത്തതുമായ നിരവധി സമ്മാനങ്ങളും പ്രത്യേക ബ്‌ളോക്കിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 43 ​ഗ്യാലറികളാണ് മ്യൂസിയത്തിലുള്ളത്.

‘സ്വാതന്ത്ര്യാനന്തരം രൂപീകരിച്ച എല്ലാ സർക്കാരുകളും രാജ്യം ഇന്ന് കൈവരിച്ച ഉയരങ്ങളിൽ എത്താൻ സംഭാവന ചെയ്‌തിട്ടുണ്ട്‌. ഓരോ സർക്കാരും പങ്കിട്ട പൈതൃകത്തിന്റെ ജീവിക്കുന്ന പ്രതീകം കൂടിയാണ് ഈ മ്യൂസിയം’; മോദി പറയുന്നു. ‘നമ്മുടെ പ്രധാനമന്ത്രിമാരിൽ ഭൂരിഭാഗവും പരിമിതമായ സാഹചര്യങ്ങളിൽ നിന്ന് വന്നവരായിരുന്നു എന്നത് ഓരോ ഇന്ത്യൻ പൗരനും അഭിമാനിക്കാവുന്ന കാര്യമാണ്. വിദൂര ഗ്രാമങ്ങളിൽ നിന്നും വളരെ ദരിദ്ര കുടുംബത്തിൽ നിന്നും കർഷക കുടുംബത്തിൽ നിന്നുമാണ് അവർ പ്രധാനമന്ത്രി എത്തിയത്. ഇത് ഇന്ത്യൻ ജനാധിപത്യത്തിന്റെ മഹത്തായ പാരമ്പര്യത്തിലുള്ള വിശ്വാസം ശക്‌തിപ്പെടുത്തുന്നു’; അദ്ദേഹം പറഞ്ഞു.

ഉൽഘാടനത്തിന് പിന്നാലെ ഡിജിറ്റലായി ടിക്കറ്റെടുത്ത മോദി മ്യൂസിയത്തിലെ ആദ്യ സന്ദർശകനായി. സ്വാതന്ത്രാനന്തര ഇന്ത്യയിലെ എല്ലാ പ്രധാനമന്ത്രിമാർക്കും മ്യൂസിയം ആദരാഞ്‌ജലി അർപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. നമ്മുടെ പ്രധാനമന്ത്രിമാരുടെ നേതൃത്വം, കാഴ്‌ചപ്പാട്, നേട്ടങ്ങൾ എന്നിവയെ കുറിച്ച് യുവതലമുറയെ ബോധവൽകരിക്കുകയും പ്രചോദിപ്പിക്കുകയുമാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു,

ഡെൽഹിയിലെ തീൻ മൂർത്തി എസ്‌റ്റേറ്റിൽ ആണ് മ്യൂസിയം സ്‌ഥിതി ചെയ്യുന്നത്. 10,491 ചതുരശ്ര അടി വിസ്‌തൃതിയിൽ 271 കോടി രൂപ ചെലവഴിച്ചായിരുന്നു നിർമാണം. മ്യൂസിയത്തിന്റെ നിർമാണത്തിനായി മരങ്ങൾ മുറിക്കുകയോ പറിച്ചു നടുകയോ ചെയ്‌തിട്ടില്ല എന്നതും പ്രത്യേകതയാണ്. ഹോളോഗ്രാമുകൾ, വെർച്വൽ റിയാലിറ്റി, ഓഗ്‌മെന്റഡ് റിയാലിറ്റി, മൾട്ടി-ടച്ച്, മൾട്ടിമീഡിയ, ഇന്ററാക്‌ടീവ് കിയോസ്‌ക്കുകൾ, കംപ്യൂട്ടറൈസ്‌ഡ് കൈനറ്റിക് ശിൽപങ്ങൾ, സ്‌മാർട്ട്‌ ഫോൺ ആപ്‌ളിക്കേഷനുകൾ, ഇന്ററാക്‌ടീവ് സ്‌ക്രീനുകൾ, എക്‌സ്‌പീരിയൻഷ്യൽ ഇൻസ്‌റ്റലേഷനുകൾ തുടങ്ങിയ ആധുനിക സജ്‌ജീകരണങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. ഏപ്രിൽ 21 മുതൽ മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നാണ് അധികൃതർ അറിയിച്ചിട്ടുള്ളത്.

Most Read: പ്രായമല്ല, പ്രണയമാണ് എല്ലാം; 82കാരിക്ക് ജീവിതപങ്കാളിയായി 36കാരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE