അരിക്കൊമ്പൻ വിഷയം; ജനകീയ സമിതി ഇന്ന് ഹൈക്കോടതിയിൽ ഹരജി നൽകും

കോടതി ചോദിച്ചാൽ വിഷയത്തിൽ അഭിപ്രായം വ്യക്‌തമാക്കുമെന്നും കോടതി നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചു നടപടികളുമായി സർക്കാർ മുന്നോട്ട് പോകുമെന്നും മന്ത്രി എംബി രാജേഷ് പ്രതികരിച്ചു.

By Trainee Reporter, Malabar News
arikkomban
Rep. Image
Ajwa Travels

പാലക്കാട്: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിൽ പ്രതിഷേധിച്ചു നാട്ടുകാർ നിയമ പോരാട്ടത്തിലേക്ക് കടക്കുന്നു. കഴിഞ്ഞ ദിവസം നിയമ വിദഗ്‌ധരുടെ ഉൾപ്പടെ യോഗം ചേർന്ന ജനകീയ സമിതി ഇന്ന് ഹൈക്കോടതിയിൽ ഹരജി നൽകും. നെൻമാറ എംഎൽഎ കെ ബാബുവിന്റെ നേതൃത്വത്തിലാണ് ജനകീയ സമിതി ഇന്ന് കോടതിയിൽ ഹരജി സമർപ്പിക്കുന്നത്.

കൂടാതെ, വിഷയത്തിൽ ഇന്ന് മുതലമട പഞ്ചായത്ത് സർവകക്ഷി പ്രതിനിധികൾ പറമ്പിക്കുളം ഡിഎഫ് ഓഫീസ് ധർണയും നടത്തും. അതേസമയം, കോടതി ചോദിച്ചാൽ വിഷയത്തിൽ അഭിപ്രായം വ്യക്‌തമാക്കുമെന്നും കോടതി നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചു നടപടികളുമായി സർക്കാർ മുന്നോട്ട് പോകുമെന്നും മന്ത്രി എംബി രാജേഷ് പ്രതികരിച്ചു.

നാളെ മുതലമട പഞ്ചായത്തിൽ സർവകക്ഷി പ്രതിനിധികൾ ഹർത്താലിന് ഉൾപ്പടെ ആഹ്വാനം ചെയ്‌തിട്ടുണ്ട്‌. അതുകൊണ്ടുതന്നെ ജനകീയ സമിതിയുടെ ഹരജിയിൽ കോടതി എന്ത് അഭിപ്രായം പറയുമെന്നത് നിർണായകമാണ്. അതിനിടെ, അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് ബിഡിജെഎസ് നേതാക്കൾ പാലക്കാട് കളക്‌ടർക്ക് നിവേദനം സമർപ്പിച്ചിട്ടുണ്ട്.

13 കോളനികളാണ് പറമ്പിക്കുളത്ത് ഉള്ളത്. ഈ ഊരുകളിലായി 650ലേറെ കുടുംബങ്ങളും താമസിക്കുന്നുണ്ട്. കൂടാതെ, ദിവസേന നൂറുകണക്കിന് വിനോദ സഞ്ചാരികളാണ് പറമ്പിക്കുളത്ത് എത്താറുള്ളത്. അതുകൊണ്ടുതന്നെ ആനയെ പ്രദേശത്ത് എത്തിച്ചാൽ വലിയ പ്രശ്‌നങ്ങൾക്ക് വഴിവെക്കുമെന്നാണ് ബിഡിജെഎസ് നേതാക്കൾ കളക്‌ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.

ഇതേ കാര്യം ആവശ്യപ്പെട്ട് എംഎൽഎ കെ ബാബു കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും കത്തയച്ചിരുന്നു. നിലവിൽ കാട്ടാന ശല്യം രൂക്ഷമായ സ്‌ഥലമാണ്‌ പറമ്പിക്കുളം. 3000ത്തിലധികം ജനസംഖ്യയുള്ള വനമേഖലയാണിത്. കഴിഞ്ഞ ഒരു വർഷത്തിനിടെ 27 കാട്ടാനകളാണ് പറമ്പിക്കുളത്ത് നിന്ന് ഇറങ്ങിവന്നു മുതലമട, കൊല്ലങ്കോട് ഭാഗത്ത് കനത്ത നാശനഷ്‌ടങ്ങൾ ഉണ്ടാക്കിയത്. ഈ സ്‌ഥലത്തേക്ക്‌ അരിക്കൊമ്പൻ കൂടി എത്തുന്നതോടെ പ്രശ്‌നം സങ്കീർണമാകുമെന്നാണ് എംഎൽഎ കത്തിലൂടെ മുഖ്യമന്ത്രിയെയും വനം മന്ത്രിയെയും അറിയിച്ചിരിക്കുന്നത്.

അതേസമയം, അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരുന്നതിന് എതിരെ സർക്കാർ പുനഃപരിശോധനാ ഹരജി നൽകില്ലെന്ന് സംസ്‌ഥാന വനംമന്ത്രി എകെ ശശീന്ദ്രൻ അറിയിച്ചു. കോടതി ഉത്തരവ് നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്‌ഥരാണ്. ആനയെ മറ്റൊരു കാട്ടിലേക്ക് വിടുന്നതിനോട് സർക്കാരിന് യോജിപ്പില്ല. ജനകീയ സമരം കൊണ്ട് കോടതി വിധിയിൽ മാറ്റം ഉണ്ടാകില്ലെന്നും മന്ത്രി തൃശൂരിൽ പറഞ്ഞു.

Most Read: രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE